ജീവനക്കാരന്റെ ആലപ്പുഴ: പ്രൈവറ്റ് ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ പിടിയില്‍. സംഭവം നടന്നത് ബസുകള്‍ ഓടുന്ന സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു. മാവേലിക്കരയിലെ ചാരുംമൂട് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരന് പാലമേല്‍ പോക്കാട് വടക്കതില്‍ വീട്ടില്‍ അനൂപിനാണ് (25) മര്‍ദനമേറ്റത്. മറ്റൊരു ബസിന്റെ ഉടമകളായ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി റെജിഭവനത്തില്‍ ജിനുരാജ് (43), ചുനക്കര തോട്ടത്തില്‍വിളയില്‍ ശരത് ലാല്‍ (36) എന്നിവരാണ് അനൂപിനെ മര്‍ദിച്ചത്.
സംഭവം നടന്നത് ഒക്ടോബര്‍ 14 നായിരുന്നു. മര്‍ദനത്തില്‍ അനൂപിന്റെ തലയ്ക്ക് പരിക്കല്‍ക്കുകയും ഇടതു കൈ ഒടിയുകയും ചെയ്തിരുന്നു. ഇയാളെ ബസില്‍ ടിക്കറ്റ് കൊടുക്കുന്ന റാക്ക് ഉപയോഗിച്ചാണ് മര്‍ദിച്ചത്. ശേഷം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ അനൂപിന്റെ പരാതി പ്രകാരം നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം ചാരുംമൂട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസ്ില്‍ ഉള്‍പ്പെട്ട പ്രൈവറ്റ് ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശരത് ലാല്‍ നൂറനാട് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും അടൂര്‍, നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി അടിപിടി കേസുകളില്‍ പ്രതിയുമാണ്. പ്രതിയായ ജിനുരാജിനെതിരെയും പന്തളം, അടൂര്‍, കൊടുമണ്‍, ഓച്ചിറ എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ മാവേലിക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാരുംമൂട് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ തമ്മില്‍ സമയത്തെചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.






