
ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയൂടെ സി ടീമിന് പോലും പാകിസ്താനെ അനായാസം കീഴടക്കാമെന്നും രണ്ടു ലോകകപ്പ് നേടിയ ടീമംഗവും മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. ഐപിഎല്‍ ടീമിലെ കളിക്കാതിരിക്കുന്ന കളിക്കാരെ വെച്ച് ഒരു ഇലവന് ഉണ്ടാക്കിയാല്‍ അവര്‍ പോലും പാകിസ്താനെ തോല്‍പ്പിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.
സ്പോര്‍ട്സ് കീഡയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്. ‘‘മിക്ക ആര്‍തര്‍ പറഞ്ഞു നമ്മള് ഫൈനലില്‍ കൂടിക്കാണുമെന്ന്. എന്നാല്‍ പകിസ്താന് ഇന്ത്യയെ ഐസിസി യുടെ ഒരു ടൂര്‍ണമെന്റിലും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പാകിസ്താന്റെ മെയിന്‍ ഇലവണെ നമ്മുടെ സി ടീമിന് പോലും തോല്‍പ്പിക്കാം. ഐപിഎല്‍ ടീമിലെ കളിക്കാത്തവരെ വെച്ച് ഇലവണ്‍ ഉണ്ടാക്കിയാല്‍ അവര്‍ക്ക് പോലും പാകിസ്താന് ടീമിനെ തോല്‍പ്പിക്കാനാകും.’’ ശ്രീശാന്ത് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ 1,32,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തില്‍ ആയിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടന്നത്്.
''ഇത്തരം ഒരു വലിയ സ്റ്റേഡിയത്തില്‍ കളിക്കുന്നത് പാകിസ്താന് സ്വപ്നം പോലും കാണാന്‍ കഴിയാത്ത നേട്ടമായിരുന്നു. നമ്മള് അവര്‍ക്ക് അതിന് അവസരം നല്കി. അന്ന് കളിച്ചത് പോലെ കളിച്ചാല്‍ മറ്റൊരു അവസരം കൂടി അവര്‍ക്ക് കിട്ടുകയേ ഇല്ല.'' ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന് അടുത്തതായി വമ്പന്മാരായ ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 20 നാണ് ഈ മത്സരം. കളിച്ച ആദ്യ മൂന്ന് മത്സരത്തില്‍ രണ്ടിലും തോറ്റ ഓസ്ട്രേലിയയ്ക്ക് സെമിഫൈനലിലേക്ക് മുന്നേറാന്‍ വിജയം അനിവാര്യമാണ്..






