
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. മകള്‍ക്ക് വേണ്ടി യെമനിലേക്ക് പോകാനുള്ള അനുമതി തേടി നിമിഷപ്രിയയുടെ മാതാവിന്റെ അപേക്ഷയില്‍ ഇതുവരെ എന്തു നടപടിയെടുത്തെന്ന വിവരം രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.
ഇക്കാര്യത്തില്‍ പല തവണ അപേക്ഷ നല്‍കിയിട്ടും കേന്ദ്രം മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി കോടതിയെ ബന്ധപ്പെട്ടത്. രണ്ടാഴ്ചത്തെ സമയമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. യെമനിലേക്ക് യാത്രാ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലാണ് പ്രേമകുമാരി ആവശ്യപ്പെട്ടത്. അതേസമയം നിമിഷയുടെ അമ്മയില്‍ നിന്നും ഇതുവരെ അപേക്ഷ കിട്ടിയിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. എന്നാല്‍ ഇത് തെറ്റാണെന്നും പല തവണ അപേക്ഷ നല്‍കിയിട്ടും കേന്ദ്രം ഇടപെട്ടിട്ടില്ലെന്നാണ് പ്രേമകുമാരി പറയുന്നത്. പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറം ഭാരവാഹികള്‍ക്കും യെമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോടു ഡല്‍ഹി െഹെക്കോടതി നിര്‍ദേശിച്ചിരുന്നു.
കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണു പുതിയ ഹര്‍ജി. യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയയ്ക്കു വധശിക്ഷ വിധിച്ചിരിക്കുന്നത്. തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണു കേസ്. തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഇതിനാണു നിമിഷ പ്രിയയുടെ അമ്മ കോടതിയെ സമീപിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന ആവശ്യം യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധിക്കു സാധ്യതയില്ലെന്നാണു െഹെക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ശരിഅത്ത് നിയമ പ്രകാരം മാത്രമേ മോചനം ലഭിക്കൂ എന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കായി യെമനിലേക്കു പോകാനുള്ള തടസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സനായിലെ ജയിലിലാണു നിമിഷ ഇപ്പോള്‍. ജീവന് രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് കത്തില്‍ പറയുന്നത്. ഇതിനിടെ, ബ്ലഡ് മണി നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നു.






