
ന്യൂയോര്‍ക്ക്: ഗാസയില്‍ കനത്ത പോരാട്ടം തുടരുന്നതിനിടയില്‍ ഇസ്രായേലിന് കൂടുതല്‍ സഹായം നല്കാന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇസ്രായേലിന് നല്‍കിവരുന്ന സാമ്പത്തീകസഹായം തുടരുമെന്നും വ്യോമസഹായം ഉള്‍പ്പെടെ നല്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും ഇതിനായി യുഎസ് കോണ്‍ഗ്രസിന്റെ സഹായം തേടുമെന്നും ബൈഡന് പറഞ്ഞു.
ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ഇസ്രായേലിനും യുക്രെയിനും സഹായം നല്‍കുമെന്ന് പറഞ്ഞ ബൈഡന് പുടിനെയും ഹമാസിനെയും താരതമ്യം ചെയ്യാനും മറന്നില്ല. പുടിനും ഹമാസും രണ്ടു തരത്തിലുള്ള ഭീഷണിയാണെങ്കിലും അവരുടെ രീതി ഒന്നാണെന്നും അയല്‍രാജ്യങ്ങളിലെ ജനാധിപത്യസംവിധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇവരെ അതിനായി അനുവദിക്കില്ലെന്നും സഖ്യരാജ്യങ്ങളെ കണ്ടില്ലെന്ന് വെയ്ക്കാനാകില്ലെന്നും ബൈഡന് പറഞ്ഞു.
ഗാസയിലെ ആശുപത്രിയില്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍ അല്ലെന്നും ഹമാസ് പാലസ്തീനികളെ മനുഷ്യമറയാക്കി മാറ്റുന്നതായും ബൈഡന് പറഞ്ഞു. അതിനിടയില്‍ ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ഇതിനകം ഇരുവിഭാഗത്തിലുമായി 5000 ലധികം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഗാസയില്‍ 3,785 പേര് മരണമടഞ്ഞതായി ഹമാസ് നടത്തുന്ന ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇസ്രായേലില്‍ 1,400 പേര്‍ക്കും ജീവന് നഷ്ടമായി.
നാലു വശത്തുനിന്നും ദുരിതം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഈജിപ്ത്യന്‍ അതിര്‍ത്തിയിലൂടെ ട്രക്കുകള്‍ ഇന്ന് ഗാസയിലേക്ക് എത്തിത്തുടങ്ങുമെന്നാണ് വിവരം. അതിനായി റാഫാ അതിര്‍ത്തി തുറക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. മരുന്നുകളും ഭക്ഷണവും ഉള്‍പ്പെടെ അടിയന്തിര സഹായവുമായി നൂറുകണക്കിന് ട്രക്കുകളാണ് അതിര്‍ത്തിയില്‍ കിടക്കുന്നത്. 20 ട്രക്കുകള്‍ വീതം ഗാസയില്േക്ക് എത്തും. അതേസമയം ഇസ്രായേലില്‍ നിന്നും ഹമാസ് പിടികൂടി ബന്ദികളാക്കിയ 250 പേരുടെ കാര്യത്തില്‍ ഇപ്പോഴും ഒരു വിവരവുമില്ല.






