
കുന്നംകുളം: കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയില്ല, കാതിലും കഴുത്തിലും പൊന്നിന്റെ ആഭരണങ്ങളുമില്ല! ഈ ഇല്ലായ്മകള്‍ക്കിടയിലും സ്വര്‍ണപ്പതക്കം നടന്നെടുത്തിരിക്കുകയാണ് ഗീതുവെന്ന ചുണക്കുട്ടി. മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്. സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഗീതു, ഇന്നലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തിലാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷവും 3000 മീറ്ററില്‍ ഗീതുവിനായിരുന്നു സ്വര്‍ണം.
തിരൂര്‍ ബി.പി. അങ്ങാടിയില്‍ കാട്ടേപ്പാടത്ത് ചന്ദ്രന്- രജനി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവളാണ് ഗീതു. കോച്ച് റിയാസ് ആലത്തിയൂരിനു കീഴില്‍ രാവിലേയും െവെകിട്ടും പരിശീലനമുണ്ട്. ചെലവെല്ലാം സ്കൂളും അധ്യാപകരുമാണ് വഹിക്കുന്നത്. ഓട്ടോ ഡ്രൈവറായ ചന്ദ്രന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന് ഏക ആശ്രയം. 2011ല്‍ ഓട്ടോ അപകടത്തില്‍പ്പെട്ടതോടെ ഈ വരുമാനം നിലച്ചു. കുടുംബം താമസിച്ചിരുന്ന തറവാട് ആ സമയം ഭാഗംവച്ച് വിറ്റിരുന്നു. ഭാഗിച്ച് കിട്ടിയ തുക മുഴുവന്‍ ചന്ദ്രന്റെ ചികിത്സയ്ക്കായി ചെലവായി.
മൂന്നു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം എഴുന്നേറ്റ് നടക്കാമെന്നായപ്പോള്‍ ചന്ദ്രന് വീണ്ടും ഓട്ടോ ഓടിക്കാന്‍ തുടങ്ങി. ഇതിനിടെ അവിവാഹിതയായ സഹോദരിയുടെ വീട്ടിലേക്ക് ചന്ദ്രനും കുടുംബവും താമസം മാറി. ഒരു വര്‍ഷമായി ഇടുപ്പെല്ലിനു തേയ്മാനം. ഇനി അടുത്ത 28ന് ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. ചന്ദ്രന് കിടപ്പിലായതിനാല്‍ മറ്റൊരു പണിക്കും പോകാന്‍ രജനിക്കു കഴിയുന്നുമില്ല.
ഗീതുവിന് ബിരുദ വിദ്യാര്‍ഥിനിയായ സഹോദരി കൂടിയുണ്ട്, സീതു. ഇരുവരും ഹോസ്റ്റലില്‍ കഴിയുന്നതിനാല്‍ അവരുടെ ഭക്ഷണം അവിടെനിന്ന് നടക്കും. ഞങ്ങള്‍ രണ്ടുപേരും ഇടയ്ക്കിടെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിമാറി നിന്നാണ് കഴിഞ്ഞുപോകുന്നതെന്ന് രജനിയും ചന്ദ്രനും മംഗളത്തോട് പറഞ്ഞു. ഒരു വര്‍ഷംമുമ്പ് ചന്ദ്രന്റെ സഹോദരി മരിച്ചു. ചന്ദ്രനും കുടുംബവും താമസിക്കുന്ന സഹോദരിയുടെ അഞ്ച് സെന്റിനും കൊച്ചുകൂരയ്ക്കും ആറ് അവകാശികളുള്ളതിനാല്‍ സ്ഥലം വില്പനയ്ക്ക് വച്ചിരിക്കുകയാണ്.






