
ന്യൂഡല്‍ഹി: സ്കൂളുകളിലെ സാമൂഹികശാസ്ത്രം പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ''ഇന്ത്യ''യ്ക്കു പകരം ''ഭാരത''മെന്നാക്കാന് ശിപാര്‍ശ. പ്രാചീനചരിത്രത്തിനു പകരം പാഠപുസ്തകങ്ങളില്‍ ''ശ്രേഷ്ഠചരിത്രം'' (ക്ലാസിക്കല്‍ ഹിസ്റ്ററി), ഹിന്ദുരാജാക്കന്മാരുടെ വിജയങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തണമെന്നു ശിപാര്‍ശയുണ്ട്. സാമൂഹികശാസ്ത്രപാഠ്യപദ്ധതി പരിഷ്കരണത്തിനായി ദേശീയ വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗണ്‍സില്‍ (എന്‍.സി.ഇ.ആര്.ടി) രൂപീകരിച്ച ഉന്നതതലസമിതി അധ്യക്ഷന്‍ സി.ഐ. ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴംഗസമിതിയുടെ ശിപാര്‍ശ ഏകകണ്ഠമായിരുന്നെന്ന് ഐസക് പറഞ്ഞു. ഇത് അംഗീകരിക്കപ്പെട്ടാല്‍ എന്‍.സി.ഇ.ആര്.ടി. പുറത്തിറക്കുന്ന സാമൂഹികശാസ്ത്രപാഠപുസ്തകങ്ങളില് രാജ്യത്തിന്റെ പേരും ചരിത്രവും അടിമുടി മാറും. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയുടെ ക്ഷണപത്രത്തിലുള്പ്പെടെ, രാജ്യത്തിന്റെ പേര് ഭാരതമെന്നു കേന്ദ്രസര്‍ക്കാര്‍ മാറ്റിയത് അടുത്തിടെ വിവാദമായിരുന്നു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷകക്ഷികള്‍ രൂപീകരിച്ച മുന്നണിക്ക് ''ഇന്ത്യ''യെന്നു പേരിട്ടതാണു കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പിയെ പ്രകോപിപ്പിച്ചതെന്നും വിലയിരുത്തലുണ്ടായി.
ഭരണഘടനയുടെ വകുപ്പ് 1(1) പ്രകാരം രാജ്യത്തെ ''ഇന്ത്യ, അതായത് ഭാരതം'' എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്.ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണം ഉള്‍പ്പെടെയുള്ള പൗരാണികഗ്രന്ഥങ്ങളില് ഭാരതമെന്ന പേര് പരാമര്‍ശിക്കുന്നതായി ഐസക് ചൂണ്ടിക്കാട്ടി. ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കപ്പെട്ടതിനും 1757-ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ് ഇന്ത്യയെന്ന പ്രയോഗം പ്രചാരത്തിലായത്. അതുകൊണ്ടുതന്നെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളില്‍ ഭാരതമെന്ന പേര് ഉപയോഗിക്കണമെന്നാണു സമിതിയുടെ ഏകകണ്ഠമായ ശിപാര്‍ശ.
വിവിധ വിഷയങ്ങളില്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ 2021-ല്‍ 25 സമിതികളാണ് എന്‍.സി.ഇ.ആര്.ടി. രൂപീകരിച്ചത്. അതില്‍ സാമൂഹികശാസ്ത്രം സംബന്ധിച്ച സമിതിയുടെ അധ്യക്ഷനാണു മലയാളിയായ ഐസക്. കോട്ടയം, കറുകച്ചാല്‍ സ്വദേശിയായ അദ്ദേഹം സി.എം.എസ്. കോളജിലെ ചരിത്രവിഭാഗം മുന്‍ അധ്യാപകനും പത്മശ്രീ ജേതാവും ഭാരതീയ വിചാരകേന്ദ്രം മുന്‍ ഉപാധ്യക്ഷനുമാണ്. ഇന്ത്യാചരിത്രത്തെ പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങനെ വേര്‍തിരിച്ചതു ബ്രിട്ടീഷുകാരാണെന്ന് ഐസക് ചൂണ്ടിക്കാട്ടി.
പ്രാചീനകാലത്തു ഭാരതം ശാസ്ത്രവിജ്ഞാനമില്ലാത്ത അന്ധകാരത്തിലായിരുന്നെന്നു വരുത്തിത്തീര്‍ക്കാനാണ് ഈ ചരിത്രനിര്‍മിതി. എന്നാല്‍, സൗരയൂഥമാതൃകയില്‍ ആര്യഭട്ടന്റെ സംഭാവനകള്‍ ഉള്‍പ്പെടെ അക്കാലത്തും നമ്മുടെ ശാസ്ത്രനേട്ടങ്ങള്‍ വലുതായിരുന്നു. അതുകൊണ്ടുതന്നെ മധ്യകാല, ആധുനികചരിത്രങ്ങള്ക്കൊപ്പം ശ്രേഷ്ഠകാലചരിത്രവും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. നമ്മുടെ പരാജയങ്ങളാണ് ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നത്. മുഗളന്മാര്ക്കും സുല്ത്താന്മാര്ക്കുമെതിരേ നേടിയ വിജയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എല്ലാ വിഷയങ്ങളിലെയും ഭാരതീയവിജ്ഞാനവും പ്രാചീനചരിത്രത്തിനു പകരം ശ്രേഷ്ഠചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം- ഐസക് പറഞ്ഞു.
ഐസക്കിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു വ്യക്തമാക്കി എന്‍.സി.ഇ.ആര്.ടി. രംഗത്തെത്തി. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. അതിനായാണു വിവിധ വിഷയങ്ങളില്‍ വിദഗ്ധസമിതികള്‍ രൂപീകരിച്ചത്. ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് അപക്വമാണെന്നും എന്‍.സി.ഇ.ആര്.ടി. വിശദീകരിച്ചു. 2020-ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.സി.ഇ.ആര്.ടി. സ്കൂള്‍ പാഠ്യപദ്ധതി പുനഃപരിശോധിക്കുന്നത്. ഇതിനായി 19 അംഗങ്ങളുള്ള നാഷണല്‍ സിലബസ് ആന്‍ഡ് ടീച്ചിങ് ലേണിങ് മെറ്റീരിയല്‍ കമ്മിറ്റി(എന്‍.എസ്.ടി.സി)യും രൂപീകരിച്ചിട്ടുണ്ട്.






