മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ വ്യാഴാഴ്ച കനത്ത തിരിച്ചടി. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സൂചിക തകര്‍ന്നടിഞ്ഞു. സെന്‍സെക്സ് 900 പോയിന്റ് നഷ്ടത്തില്‍ 63,200ലും നിഫ്റ്റി 18,900ലുമെത്തി. ജൂണ്‍ 28ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകര്‍ച്ച നേരിടുന്നത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.78 ലക്ഷം കോടി രൂപയാണ്. മിഡില്‍ ഈസ്റ്റിലെ യുദ്ധാവസ്ഥയും യു.എസ് ട്രഷറിയിലെ നഷ്ടവുമാണ് ഏഷ്യന്‍ വിപണിയിയേയും ബാധിച്ചിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് 12.52 ഓടെ സെന്‍സെക്സ് 800 പോയിന്റ് നഷ്ടത്തില്‍ 63,239ലെത്തി. നിഫ്റ്റി 246 പോയിന്റ നഷ്ടത്തില്‍ 18,875ലാണ് വ്യാപാരം തുടരുന്നത്. ബി.എസ്.ഇ സെന്‍സെക്സില്‍ നിക്ഷേപകരുടെ ആസ്തി 5.78 ലക്ഷം കോടി രൂപ കുറഞ്ഞ് 303.44 ലക്ഷം കോടിയിലെത്തി.
സെന്‍സെക്സില്‍ ടെക് മഹീന്ദ്ര, എംആന്റ്എം, എന്നിവയുടെ ഓഹരി മൂല്യത്തില്‍ 2.3% ഇടിവുണ്ടായി. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍ എന്നിവയെല്ലാം തകര്‍ച്ച നേരിട്ടു.






