
ബിഗ് ബോസ് മലയാളം സീസണ് നാലില്‍ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ ശേഷം തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ് റോബിന്. റോബിനെ പോലെ തന്നെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് പ്രതിശ്രുത വധു ആരതി പൊടിയും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാകുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും. ബിഗ് ബോസിന് ശേഷം റോബിന് വലിയ ജനപ്രീതിയില്‍ നില്‍ക്കുമ്പോളാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. റോബിനെ അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. അവിടെ നിന്നുമാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി വിവാഹനിശ്ചയത്തിലേക്ക് എത്തി. അതിനിടെ റോബിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം വന്നപ്പോഴും വിവാദങ്ങളില്‍ പെട്ടപ്പോഴെല്ലാം റോബിന് പിന്തുണയുമായി ആരതി ഉണ്ടായിരുന്നു.
സംരംഭകയും നടിയും മോഡലുമൊക്കെയായ ആരതി പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം റോബിനൊപ്പം എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെയും റോബിന്റെയും പുതിയ വിശേഷങ്ങളെല്ലാം ആരതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റോബിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരതി പൊടി. 33-ാം പിറന്നാള്‍ ആഘോഷിക്കുന്ന റോബിന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരതി ആശംസകള്‍ നേര്‍ന്നത്.
ഒരു വര്‍ഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങള്‍ എന്നത്തേക്കാളും ആകര്‍ഷകവും മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകള്, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ ഇടം,' എന്നാണ് ആരതി കുറിച്ചത്. റോബിനൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ പങ്കുവെച്ചുകൊണ്ടാണ് ആരതിയുടെ പോസ്റ്റ്. ആരതിയുടെ ആശംസയ്ക്ക് താഴെ കമന്റുമായി റോബിനും എത്തിയിട്ടുണ്ട്. 'സര്‍പ്രൈസിന് നന്ദി ആരതി പൊടി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ ജന്മദിനമാണിത്. 33 വയസ്സ് തികഞ്ഞിരിക്കുന്നു', എന്നാണ് റോബിന് കുറിച്ചത്.
നിരവധി പേരാണ് ആരതിയുടെ പോസ്റ്റിന് താഴെ റോബിന് ആശംസകളുമായി എത്തുന്നത്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ എന്നൊക്കെയാണ് ആരാധകര്‍ ആശംസിക്കുന്നത്. 'വേദനിപ്പിച്ചവരെ പോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുക എന്ന മനോഭാവം എല്ലാവര്ക്കും കിട്ടില്ല പക്ഷെ... ഡോക്ടര്‍ക്ക് അത് വേണ്ടുവോളം ഉണ്ട്. ഏതോ ഒരു മുന്ജന്മ ബന്ധം പോലെ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചവര്‍ ഇന്നും കൂടെയുണ്ട്. ജീവിത യാത്രയില്‍ നല്ലത് മാത്രം സംഭവിക്കട്ടെ' എന്നാണ് ഒരാള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്.
നിലവില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലും മറ്റുമാണ് റോബിനും ആരതിയും എന്നാണ് വിവരം. ഈ വര്‍ഷം അവസാനം വിവാഹമുണ്ടാകും എന്നാണ് വിവാഹനിശ്ചയ വേളയില്‍ ഇരുവരും പറഞ്ഞത്. വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹം എന്നാണെന്ന ചോദ്യങ്ങള്‍ ഇരുവരെയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരാറുണ്ട്.






