വാഷിംഗ്ടണ്‍: കിഴക്കന്‍ സിറിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് (ഐആര്‍ജിസി)യും അനുബന്ധ സംഘടനകളും അമേരിക്കയ്ക്കു നേരെയുയര്‍ത്തിയ ഭീഷണിക്ക് തിരിച്ചടിയാണ് ആക്രമണമെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കുന്നു.
ഇറാഖിലും സിറിയയിലുമുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഒക്ടോബര്‍ 17 മുതല്‍ നടത്തി വരുന്ന ആക്രമണത്തിനുള്ള സ്വയം പ്രതിരോധമെന്ന നിലയിലാണ് ആക്രമണമെന്ന് ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഇറാന് തീവ്രവാദികളുടെ ആക്രമണത്തില്‍ യു.എസ് പൗരനായ ഒരു കരാറുകാരന് കൊല്ലപ്പെടുകയും 21 യു.എസ് സൈനികര്‍ക്ക് നിസാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യു.എസ് സൈന്യത്തെ ആക്രമിക്കുന്ന ഇറാന് ഭരണാധികാരി അയത്തുള്ള അലി ഖമെനീക്കുള്ള പ്രസിഡന്റ് ജോ ബൈഡന്റെ നേരിട്ടുള്ള താക്കീതാണ് ഈ ആക്രമണമെന്ന് വൈറ്റ് ഹൗസ് പറയുന്നു. എന്നാല്‍ ഇസ്രയേല്‍ -ഹമാസ് ഏറ്റുമുട്ടലിന്റെ ഭാഗമല്ല ഈ ആക്രമണമെന്നും ലോയിഡ് ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.






