
ന്യൂഡല്‍ഹി : ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐഎമ്മിനൊപ്പം സിപിഐയും രംഗത്തെത്തി. പലസ്തീന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. നാളെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തും. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും
നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് വിമര്‍ശനം. സ്വതന്ത്ര പലസ്തീന് എന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അതേസമം യു എന്‍ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടു നിന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടി ഞെട്ടിപ്പിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പ്രതികരിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സന്ധിയുണ്ടാക്കണമെന്നും പലസ്തീൻ ക്ക് സുരക്ഷയൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഗാസയ്ക്ക് മാനുഷിക സഹായം നൽകണം, പൗരന്മാര്ക്കും മനുഷ്യാവകാശപ്രവർത്തകർക്ക് പ്രദേശത്ത് എത്താനുള്ള സൗകര്യമൊരുക്കണമെന്നും വടക്കൻ ഗാസയിൽ നിന്ന് ജനങ്ങളെ നിർബന്ധപൂർവ്വം മാറ്റരുതെന്നുമടക്കം പ്രമേയത്തിൽ പറയുന്നു. ഇസ്രയേൽ ഇന്നും ഗാസയിൽ കരയാക്രമണം നടത്തിയിരുന്നു.






