
കൊച്ചി/തിരുവനന്തപുരം: മനുഷ്യവര്‍ഗത്തിനു നിത്യജീവന് പ്രാപിക്കാന്‍ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തിലാണു യഹോവയുടെ സാക്ഷികള്‍ വിശ്വസിക്കുന്നത്. മറ്റു ക്രൈസ്തവ സഭകളില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ ത്രിയേക ദൈവത്തില്‍ വിശ്വസിക്കുന്നില്ല. യഹോവ മാത്രമാണു ഏക ദൈവമെന്ന് ഇവര്‍ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവപുത്രന് മാത്രമാണെന്നും സത്യ ഏകദൈവം യഹോവയാണെന്നും വിശ്വസിക്കുന്നു.
അവര്‍ ന്യൂ ഇയറും ക്രിസ്തുമസും ആഘോഷിക്കില്ല. യഹൂദ വിശ്വാസമാണ് അവര്‍ മാതൃകയായി എടുക്കുന്നത്. മുഖ്യധാര ക്രൈസ്തവരില്‍നിന്നു വ്യത്യസ്തമായ വിശ്വാസം പിന്തുടരുന്നവരാണിവര്. രാജ്യാന്തര ക്രിസ്തീയ സഭാവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ചാള്‍സ് റ്റെയ്സ് റസല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകന് 1876ല്‍ സ്ഥാപിച്ച ''ബൈബിള്‍ വിദ്യാര്‍ഥികള്‍'' എന്ന ബൈബിള്‍ പഠന സംഘടനയാണു പില്ക്കാലത്ത് യഹോവയുടെ സാക്ഷികളായി രൂപം പ്രാപിച്ചത്. ബൈബിളിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണു വിശ്വാസം.
ഈ മത വിഭാഗത്തില്‍പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരത്തിന് എത്തിയത് 1905 ലാണ്. 1911 ല്‍ ആദ്യകാല പ്രചാരകന് ടി.സി. റസല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലം റസല്‍പുരം എന്നറിയപ്പെടുന്നു. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവാ സാക്ഷികളുണ്ടെന്നാണ് കണക്ക്. നവലോകത്തിന്റെ മോശമായ സ്വാധീനങ്ങള്‍ക്കു വഴിപ്പെട്ടു പോകാതിരിക്കാന്‍ ആരാധനക്കായി കൂടിച്ചേരേണ്ടതു വളരെ പ്രധാനമാണെന്നു യഹോവയുടെ സാക്ഷികള്‍ കരുതുന്നു. യഹോവയുടെ സാക്ഷികളുടെ ആരാധനരീതി അവര്‍ക്കു മേല്‍നോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ െബെബിള്‍ അടിസ്ഥാനമാക്കിയുള്ള ആശയങ്ങള്‍ കേന്ദ്രീകരിച്ചുള്ളവയാണ്.
യഹോവയുടെ സാക്ഷികള്‍ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാള്‍ എന്നാണു വിളിക്കപ്പെടുന്നത്, ലോകവ്യാപകമായി യഹോവായുടെ സാക്ഷികള്‍ക്ക് ഒരുലക്ഷത്തില്‍ പരം രാജ്യഹാളുകള്‍ ഉണ്ട്. ആരാധനയുടെ ഭൂരിഭാഗവും ബൈബിളും ബൈബിള്‍ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്. പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളോ പ്രത്യേക സംസാരവിധമോ ഉപവാസമോ ഒന്നും അവര്‍ നടത്തുന്നില്ല.
യഹോവായ സാക്ഷികള്‍ തങ്ങളുടെ സഹവിശ്വാസികളെ സഹോദരന്, അല്ലെങ്കില്‍ സഹോദരി എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. സാമൂഹിക പ്രവര്‍ത്തകനായ അന്‍ഡ്രു ഹോള്‍ഡന്റെ വീക്ഷണത്തില്‍ സാക്ഷികളൂടെ ആരാധനരീതി അവരുടെ ഐക്യത്തിന്റെയും, കെട്ടുറപ്പിന്റെയും, വിശ്വാസത്തിന്റെയും രഹസ്യമാണെന്നാണ്.
ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ അറുപതിനായിരവും കേരളത്തില്‍ ആറായിരം പേരുമാണുള്ളത്. ഇക്കൊല്ലം സെപ്റ്റംബര്‍ മുതല്‍ ലോകത്ത് വിവിധ ഭാഗങ്ങളിലായി ആറായിരത്തോളം കണ്‍വന്‍ഷനുകള്‍ നടത്താന്‍ യഹോവായുടെ സാക്ഷികള്‍ തീരുമാനിച്ചിരുന്നു. മലയാളത്തില്‍ 13 കണ്‍വെന്‍ഷനുകളാണ് ഇക്കാലയളവില്‍ നടത്താനിരുന്നത്. ഇതിന്റെ ഭാഗമായിരുന്നു കളമശേരി കണ്വെന്ഷന്. സൈനിക സേവനം നടത്താനുള്ള വിമുഖതയും ദേശീയ പതാകയെ വന്ദിക്കാത്ത സമീപനവും ദേശീയ ഗാനമാലപിക്കാത്തതും പല രാജ്യങ്ങളിലും നിയമയുദ്ധങ്ങള്‍ക്കും മതവിഭാഗത്തിന്റെ നിരോധനത്തിനും കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് യഹോവയുടെ സാക്ഷികളായ മൂന്ന് വിദ്യാര്‍ഥികള്‍ അവരുടെ വിശ്വാസം സ്ഥാപിച്ച് കിട്ടുന്നതിനു വേണ്ടി നടത്തിയ നിയമ നടപടി ഭരണഘടനയുടെ മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടമായാണു വിലയിരുത്തപ്പെടുന്നത്. 1985 ജൂലൈ 26ന് കോട്ടയം കിടങ്ങൂരിലെ എന്‍.എസ്.എസ്. ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളും സഹോദരങ്ങളുമായ ബിജോ, ബിനുമോള്‍, ബിന്ദുഎന്നിവര്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയോ പാടാന്‍ തയാറാകുകയോ ചെയ്യാത്തതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു.
പ്രധാനാധ്യാപികയാണ് അവരെ സസ്പെന്‍ഡ് ചെയ്തത്. യഹോവയല്ലാതെ മറ്റാരേയും സ്തുതിക്കുകയോ വാഴ്ത്തുകയോ ആരാധിക്കുകയോ ചെയ്യില്ലെന്ന വിശ്വാസ പ്രമാണം പിന്തുടരുന്നതു കൊണ്ട് ദേശീയഗാനം ആലപിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.






