
കോട്ടയം: പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച കേസില്‍ പിടിയിലായ നടന് വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ് രംഗത്ത്. വിനായകനെ പോലുള്ളവര്‍ നാടിന്റെ പൊതുസ്വത്ത് ആണെന്നും ഇത്തരക്കാര്‍ പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
വിനായകന്റെ ഇത്തരം പ്രവണതെയേയും പോലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് കെപിഎംഎസ് പ്രതികരിച്ചത്. ഈ വിഷയങ്ങള്‍ ജാതി കൊണ്ട് അടയ്ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോടു മോശമായി പെരുമാറിയ സംഭവത്തില്‍, വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നു പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമാണെന്നും കെപിഎംഎസ് അഭിപ്രായപ്പെട്ടു. ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിനു ജാതി സെന്‍സസ് ഗുണകരമാണ്. ഇടതു സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കിയില്ലെങ്കില്‍ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്കു വിധേയമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.






