
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരു മറ്റൊരു താരപുത്രി കൂടി. ഹാസ്യകഥാപാത്രങ്ങളും കാര്യക്ടര്‍ റോളുകളും ഒരുപോലെ അവതരിപ്പിച്ച് വിസ്മയിപ്പിച്ച് കൈയ്യടി നേടിയ നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റമ്പാനിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്.
ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ഒരു പക്കാ മാസ് ആക്ഷന്‍ പടമായിരിക്കും റമ്പാന്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ റോളിലാണ് കല്യാണിയെത്തുക. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും ഡാൻസും പാട്ടും അഭിനയവും ഒക്കെയായി താരമാണ് കല്യാണി. വിദേശത്തെ പഠനം പൂര്‍ത്തിയാക്കിയ അരുന്ധതി എന്ന കല്യാണിയുടെ വിശേഷങ്ങള്‍ ഇടയ്കക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്.
സിനിമയില്‍ അഭിനയിക്കും മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായ കല്യാണിക്ക് ആരാധകര്‍ ഏറെയാണ്. ലോകപ്രശസ്തമായ ലെ കോർഡൻ ബ്ലൂവിൽ നിന്ന് ഫ്രഞ്ച് പാചകത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് കല്യാണി. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്.
കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, ചിത്രം ഒരു മാസ് എന്റർടെയ്നറായിരിക്കും എന്നാണ് സൂചന. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്.
വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ.സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന






