
തമിഴില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. ഇപ്പോള്‍ ശാലിനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
കുടുംബത്തോടൊപ്പമുളള ഫ്രാന്‍സ് യാത്രയുടെ ചിത്രങ്ങളാണ് ശാലിനി പങ്കുവച്ചത്. ഫ്രാന്‍സില്‍ നടക്കുന്ന റേസിംഗ് മത്സരമായ ' ദി മിഷെലിന് ലെ മാന്‍സ് കപ്പില്‍ പങ്കെടുക്കുന്നതിനായാണ് അജിത് കുടുംബത്തോടൊപ്പം ഫ്രാന്‍സിലെത്തിയത്.
മകന് ആദ്വിക്, മകള്‍ അനൗഷ്ക എന്നിവര്‍ക്കൊപ്പമുളള താരദമ്പതികളുടെ കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രങ്ങളില്‍ അജിത് കുമാര്‍ തന്റെ റേസിംഗ് ജേഴ്സി ധരിച്ചിരിക്കുന്നതായി കാണാം. ' കുറച്ചു ഫ്രാന്‍സും, ഒരുപാട് സ്നേഹവും' എന്നാണ് ശാലിനി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
2000 ഏപ്രില്‍ 24നാണ് അജിത് കുമാറും ശാലിനിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സോഷ്യല്‍ മീഡിയയിലോ പൊതു പരിപാടികളിലോ അജിത് കുമാര്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പ്പര്യമാണ്.
അതേസമയം അധീക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ' ഗുഡ് ബാഡ് അഗ്ലി' ആണ് അജിത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തൃഷ, അര്ജുന് ദാസ്, പ്രഭു, പ്രസന്ന, ഷൈന്‍ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






