
ദളപതി വിജയ് നായകനായ ചിത്രം ലിയോയുടെ വിജയാഘോഷ പരിപാടി കഴിഞ്ഞ ദിവസമാണ് നടന്നത്. ലിയോയുടെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഇതില്‍ പങ്കെടുത്തു. ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ഇേപ്പാഴിതാ അതില്‍ സംസാരിച്ച നടന് അര്ജുന് സര്‍ജയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്.
പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമായിരുന്നു അര്ജുന് പറഞ്ഞത്. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും അര്ജുന് സര്‍ജ പറഞ്ഞു.
വിജയ്യെ ചെറുപ്പം മുതലേ കാണാറുണ്ടെന്നും നാണം കുണുങ്ങിയായ പ്രകൃതക്കാരനാണെന്നും അര്ജുന് വെളിപ്പെടുത്തി. എന്നാല്‍ ഇന്ന് അദ്ദേഹം രാജ്യത്തെ തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു എന്ന് സൂപ്പര്‍ താരത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നടന് ശിവാജി ഗണേശന്റെ കൃത്യനിഷ്ഠയാണ് ദളപതി വിജയ്ക്കെന്നാണ് അര്ജുന് പറയുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ വലിയ വിജയമാണ് ലോകവ്യാപകമായി സ്വന്തമാക്കിയിരിക്കുന്നത്. വിജയ് - തൃഷ ജോഡികള്‍ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലന് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ട്നര്‍.






