
തൃശൂര്‍ : തൃശൂർ അതിരൂപത മുഖപത്രത്തിലെ കത്തോലിക്കാ സഭയുടെ നിലപാട് സ്വാഗതം ചെയ്ത് സിപിഐഎം. മണിപ്പൂരിൽ ഒന്നാംപ്രതി ആർഎസ്എസ് ആണ്, മണിപ്പൂരിൽ പ്രതിസ്ഥാനത്ത് നിർത്തേണ്ടത് കേന്ദ്രസർക്കാരിനെയും ബിജെപിയെയും ആണെന്നും സിപിഐഎം പ്രതികരിച്ചു.
മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പരാമർശം ആർഎസ്എസ് നിലപാടാണ്. മതനിരപേക്ഷ മനസ്സുള്ള ആരും വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് വ്യക്തമാക്കി. തൃശൂർ അതിരൂപതയുടെ മുഖപത്രം ആയ ‘ക്രൈസ്തവ സഭ’യിൽ തൃശൂര്‍ അതിരൂപത ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും പറഞ്ഞു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയെ പരിഹസിക്കുകയും ചെയ്തിരുന്നു.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തം ഉണ്ടോയെന്നാണ് സുരേഷ് ഗോപിയോട് ചോദിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണെന്നും തൃശൂർ അതിരൂപത വിമര്‍ശിച്ചിരുന്നു.






