
ദിലീപ്- അരുൺ ഗോപി കൂട്ടുകെട്ടിൽ പിറന്ന രാമലീല എന്ന സിനിമ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തുവയ്ക്കുന്നതാണ്. സച്ചിയുടെ തിരക്കഥയില്‍ ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിടുന്നു. പുതുമുഖസംവിധായകനായ അരുണ്‍ഗോപിക്കു മാത്രമല്ല മലയാള സിനിമ ദിലീപിന്റെ മറ്റൊരു മുഖം കൂടി കണ്ട സിനിമയാണ് രാമലീല. രാമലീല ദിലീപിന് മാത്രമല്ല അരുണ്‍ ഗോപിയുടെ കരിയറിലും വലിയ മാറ്റം സൃഷ്ടിച്ചു. രണ്ടു പേരുടെയും കരിയറിനെ ഉയർത്താൻ ഈ സിനിമ ഒരുപാട് സഹായകമായിട്ടുണ്ട്. സ്വതന്ത്ര സംവിധായകനാകും മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിക്കാൻ അരുണ്‍ ഗോപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു കഥപോയി പറഞ്ഞ് ഡേറ്റ് ചോദിക്കാനുള്ള ധൈര്യം അന്ന് അരുണ്‍ ഗോപിക്കുണ്ടായിരുന്നില്ല.
ഇപ്പോഴിതാ ദിലീപിലേക്ക് എത്താനുള്ള വഴി തനിക്ക് തുറന്നു കിട്ടിയത് നടി മീര ജാസ്മിന് വഴിയാണെന്ന് തുറന്നു പറയുകയാണ് അരുണ്‍ഗോപി. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാമലീലയുടെ പിറവിയെക്കുറിച്ച് താരം മനസ്സു തുറന്നത്.
നടി മീര ജാസ്മിനാണ് ദിലീപിനോട് കഥ പറയാൻ തന്നോട് പറഞ്ഞതെന്നും അരുണ്‍ ഗോപി പറയുന്നു. ‘‘ദിലീപ് എന്ന നടൻ തന്റെ കരിയറിന് വേണ്ടി ചെയ്തിട്ടുള്ള സഹായങ്ങൾ കുറച്ചൊന്നുമല്ല. എനിക്ക് ഒരു കരിയര്‍ ഉണ്ടാക്കി തന്ന നടനാണ് ദിലീപേട്ടൻ. ഒരു നായകൻ നമുക്ക് ഡേറ്റ് തന്നാലെ ആ സിനിമ സംഭവിക്കു. നമ്മളെ ഒരു നായകൻ വിശ്വസിക്കുന്നിടത്തെ ഒരു സിനിമ സംഭവിക്കൂ. ആളുകള്‍ക്ക് താല്പര്യമുള്ള നായകൻ ഡേറ്റ് തരണം. എന്റെ സുഹൃത്ത് മീര ജാസ്മിനാണ് ദിലീപേട്ടനോട് കഥ പറയാൻ പറഞ്ഞത്. സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് മീരയോട് പറയാറുണ്ടായിരുന്നു. മീരയാണ് ദിലീപേട്ടനെ പരിചയപ്പെടുത്തി തന്നത്. അങ്ങനെ കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പുതുമുഖത്തെ വിശ്വസിക്കാനുള്ള മനസ് അദ്ദേഹം കാണിച്ചു...’’രാമലീല സംഭവിച്ചതിനെ കുറിച്ച് അരുൺ ഗോപി പറഞ്ഞത് ഇങ്ങനെ.
രാമലീലയുടെ വിജയത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ദിലീപ് ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ബാന്ദ്ര. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. തമന്ന തയ്യാറായിരുന്നില്ലെങ്കില്‍ ബാന്ദ്ര സംഭവിക്കില്ലായിരുന്നുവെന്നാണ് ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ ദിലീപും അരുണ്‍ ഗോപിയും പറഞ്ഞത്.






