
കട്ടപ്പന: വീട്ടില്‍നിന്നു വഴക്കിട്ട് ഇറങ്ങിയ യുവാവിനെ ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി. കോഴിക്കോട് കല്ലായി സ്വദേശിയായ ജാബീറി(30)നെയാണ് കാല്‍വരി മൗണ്ട് ഇരുട്ടുകാനത്ത് പാറപ്പുറത്തു കണ്ടെത്തിയത്. ഇന്നലെ രാവിലെ തേനെടുക്കാന്‍ പോയ ആദിവാസികളാണ് യുവാവിനെ ആദ്യം കണ്ടത്.
അവര്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ വെള്ളാപ്പാറ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബോട്ട് മാര്‍ഗം യുവാവിനെ അഞ്ചുരുളിയിലെത്തിച്ചു. ഇടുക്കി ഫോറസ്റ്റ് ഓഫീസര്‍ സന്തോഷ് കെ. രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അഞ്ചുരുളിയിലെത്തിച്ചത്.
വീട്ടില്‍നിന്നു പിതാവുമായി വഴക്കിട്ട് ഇറങ്ങിയതാണ് യുവാവ്. കഴിഞ്ഞ 29 നാണ് ജാബീര്‍ വീട്ടില്‍നിന്നു പോന്നത്. 30നു കട്ടപ്പനയിലെത്തിയ ഇയാള്‍ കാല്‍വരി മൗണ്ടിലെത്തി അവിടെനിന്നു വനത്തിലൂടെ താഴെക്കിറങ്ങി ഇടുക്കി തടാകത്തിന്റെ അരികിലെത്തി. തിരികെ കയറിപ്പോകാന്‍ വഴിയറിയാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു. നാലു ദിവസം ഭക്ഷണം കഴിക്കാനുണ്ടായിരുന്നില്ല.
യുവാവിനെ കട്ടപ്പന താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂക്ഷ നല്‍കിയശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസില്‍ എത്തിച്ചു. തുടര്‍ന്നു ബന്ധുക്കളെ വിവരം അറിയിച്ചു. യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.






