
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ താമ്രപത്രം നല്കി ആദരിച്ച സ്വാതന്ത്ര്യ സമരസേനാനിക്കു സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്ഷന് നല്‍കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍. പുന്നപ്ര- വയലാര്‍ സമരം സ്വാതന്ത്ര്യസമരമായി കണക്കാക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു പെന്ഷന് പദ്ധതിയില്‍നിന്നു കേന്ദ്രം ഒഴിവാക്കിയത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍, കലാപങ്ങള്‍, സമരങ്ങള്‍, ഗൂഢാലോചനകള്‍ എന്നിവയുടെ പട്ടികയില്‍ പുന്നപ്ര- വയലാര്‍ സമരം ഉള്‍പ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
ആലപ്പുഴ സ്വദേശി വി.കെ. ഗംഗാധരന്റെ ഭാര്യയാണു കേന്ദ്രപെന്ഷനായി അപേക്ഷിച്ചത്. ഗംഗാധരന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തെന്നു കാണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ വേണമെന്നു കേന്ദ്രം നിര്‍ദേശിച്ചു. തുടര്‍ന്നു ഗംഗാധരന് സ്വാതന്ത്ര്യസമര സേനാനിയാണെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്കി. എന്നാല്‍, ശിപാര്‍ശ മാത്രംപോരാ രേഖാമൂലം തെളിവുനല്കണമെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍, ആലപ്പുഴ കലക്ടറേറ്റില്‍ അന്വേഷിച്ചപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന ഇതുസംബന്ധിച്ച രേഖകള്‍ നശിച്ചുപോയതായി കണ്ടെത്തി.
സംസ്ഥാനം നല്കിയ താമ്രപത്രം, സ്വാതന്ത്ര്യസമര സേനാനിയെന്നു തെളിയിക്കാനുള്ള അളവുകോലാണെന്നു സംസ്ഥാനം ചൂണ്ടിക്കാട്ടി. മാത്രമല്ല, 1949-50 കാലത്ത് മൂന്നുകേസുകളില്‍ പ്രതിയായി ഗംഗാധരന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ചശേഷം ജയിലില്‍ കിടന്നയാള്‍ എങ്ങനെ സ്വാതന്ത്ര്യസമര സേനാനിയാകുമെന്നു മറുപടി നല്കി അപേക്ഷ കേന്ദ്രം വീണ്ടും നിരസിച്ചു.
തുടര്‍ന്നു കേന്ദ്രനടപടി ചോദ്യംചെയ്ത് അപേക്ഷക ഹൈക്കോടതിയെ സമീപിച്ചു. പെന്ഷന് അര്‍ഹതയുണ്ടെന്നും ഉടന്‍തന്നെ നല്‍കണമെന്നും വിധിച്ചു. ഈ വിധി ചോദ്യംചെയ്തു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ചിരിക്കുകയാണ്. 1971-ലെ കേരള സ്വാതന്ത്ര്യ സമരസേനാനി പെന്ഷന് പദ്ധതിയുടെ പട്ടികയില്‍ 27 സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍, കലാപങ്ങള്‍, സമരങ്ങള്‍, ഗൂഢാലോചനകള്‍ എന്നിവയാണുള്ളത്. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഐ.എന്‍.എ. സന്നദ്ധപ്രവര്‍ത്തകര്‍, റോയല്‍ ഇന്ത്യന്‍ നേവി കലാപം, മലബാര്‍ കലാപം, ഗോവ വിമോചന പ്രസ്ഥാനം, മാഹി വിമോചന പ്രസ്ഥാനം, പുന്നപ്ര- വയലാര്‍ സമരം, 1946-ലെ എം.എസ്.പി. പണിമുടക്ക്, 1972 -ലെ കൊച്ചിന് പോലീസ് സമരം, കരിവള്ളൂര്‍ സമരം, കാവുമ്പായി സമരം, കയ്യൂര്‍ സമരം, മലപ്പട്ടം സമരം, കുട്ടംകുളം സമരം, ചെങ്ങന്നൂര്‍ കലാപക്കേസ്, കടയ്ക്കല്‍ കലാപം, കല്ലറ-പാങ്ങോട് കേസ്, പാപ്പിനിശേരി-ആരോണ്‍ മില്‍ സമരം, അന്തിക്കാട് ചെത്തുതൊഴിലാളി സമരം, കൂത്താളി സമരം, മലബാറിലെ അധ്യാപകസമരം, വൈക്കം സത്യഗ്രഹം, കാങ്കോലിലെ സാമ്രാജ്യത്വ വിരുദ്ധ ജാഥ, വട്ടിയൂര്‍ക്കാവ് സമ്മേളനം, സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധ സമരം, മൊറാഴ സമരം എന്നിവയാണവ.
എന്നാല്‍, 1972-ലെ കേന്ദ്ര സ്വതന്ത്ര പെന്‍ഷനായി കുക്കാ നാംധാരി പ്രസ്ഥാനം (1871), ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല (1919), ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942) എന്നിവയ്ക്കു കീഴില്‍ പെന്ഷന് നല്കാന് 40 പ്രസ്ഥാനങ്ങളുടെ/ലഹളകളുടെ പട്ടികയാണു അംഗീകരിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ചേര്‍ത്തതു ഹൈദരാബാദ് വിമോചന പ്രസ്ഥാനവും ഗോവ വിമോചന പ്രസ്ഥാനവുമാണ്.






