
തിരുവനന്തപുരം : കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അറ്റാഷെ റാഷിദ് ഖാമിസ്, സരിത്, സന്ദീപ് നായർ, റമീസ് അടക്കമുള്ള പ്രതികൾക്കും 6 കോടി രൂപ വീതം പിഴയുണ്ട്.
കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. ഖാലിദിനെ കേൾക്കാതെയാണ് പിഴച്ചുമത്തിയത്. എം ശിവശങ്കരിന് ഖാലിദുമായി അടുത്ത ബന്ധമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ പ്രതികൾക്കും അറിയാമായിരുന്നു എന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിനെതിരെ പ്രതികൾക്ക് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ കഴിയും. പിഴ ഒടുക്കുന്നതോടൊപ്പം രണ്ട് കേസുകളിലും കോടതിയിലെ പ്രോസിക്യൂഷൻ നടപടിയും പ്രതികൾ നേരിടണം.






