
അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങള്‍ പരിപാടി നെഞ്ചേറ്റിയെന്ന് കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മഴയൊന്നും കണക്കാക്കാതെയും ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനെതിരായി പ്രതികരണങ്ങളുണ്ടായെങ്കില്‍ അത് പരിപാടിയുടെ പ്രശ്നമല്ല. മറിച്ച്, നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. എന്നാല്‍ നമ്മുടെ നാട് നാം ഉദ്ദേശിച്ച തരത്തില്‍ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ നമുക്കായി. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടടങ്ങള് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കായി. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും കേരളീയം ആചരിക്കും. പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാന്‍ പോയവരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ടാവും.
ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ വല്ലാത്തൊരു വേദന തങ്ങിനില്ക്കുന്നുണ്ട്. അത് പല്സ്തീന് സഹോദരങ്ങള്‍ നേരിടുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ആകെ വംശനാശത്തിന്റെ രീതിയില്‍ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. നമുക്കെല്ലാവര്‍ക്കുമറിയാം അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഈ പ്രവര്‍ത്തനം നടത്തുകയാണെന്ന്. ഈ വിഷയത്തില്‍ നമുക്കാര്‍ക്കും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ല. പലസ്തീനില്‍ പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം നമുക്ക് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.






