
പത്തനംതിട്ട: ''കേരളീയ''ത്തിലെ ലിവിങ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതിനെതിരേ വിവാദം ഉയര്‍ന്നത്, പരിപാടിക്കു നേതൃത്വം നല്കിയതു സവര്‍ണ വിഭാഗത്തില്‍പ്പെട്ട വ്യക്തി ആയതിനാലെന്നു ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണിക്കൃഷ്ണന്.
കഴിഞ്ഞ പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തു നടന്ന ''ഗദ്ദിക''യിലും ഇത്തരത്തില്‍ ആദിവാസി കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നു. അന്ന് അതിനു നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ ദേവസ്വം-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനായിരുന്നു. അദ്ദേഹംതന്നെ ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചതു വിഷമമുണ്ടാക്കിയതായും ഉണ്ണിക്കൃഷ്ണന് മംഗളത്തോടു പറഞ്ഞു.
''വരേണ്യതയുടെ ആര്.എസ്.എസ്. മുഖമാണ് പരിപാടിക്കു നേതൃത്വം നല്‍കിയത് എന്നുവരെ വിമര്‍ശനം ഉന്നയിച്ചവരുണ്ട്. ഇതിനു കാരണം ഇത്തരക്കാരുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്ന ജാതിചിന്തയാണ്. കേരളീയ ആദിവാസി സമൂഹത്തിന്റെ നഷ്ടപ്പെട്ടുപോയ െപെതൃകം, ജീവിതരീതി, കല, കാര്‍ഷിക രീതി എന്നിവ പരിചയപ്പെടുത്തുകമാത്രമായിരുന്നു ലക്ഷ്യം. അതിനായി വേദി ഒരുക്കുകമാത്രമാണ് അക്കാദമി ചെയ്തത്.
കുടിലുകള്‍ക്കു കാല് നാട്ടിയതുപോലും ആദിവാസി മൂപ്പനാണ്. ഇടുക്കിയില്‍നിന്നു മന്നാന്‍, തളിയര്, ഊരാളി എന്നിവരും കാസര്‍ഗോഡ് രാവണീശ്വരത്തുനിന്നു മാവിലര്‍, തിരുവനന്തപുരത്തുനിന്നു കാണി വിഭാഗങ്ങളും ആണ് ലിവിങ് മ്യൂസിയത്തില്‍ പങ്കെടുത്തത്. കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കു നല്കി. ഇതിലൊന്നും ഫോക്ലോര് അക്കാദമി ഇടപെട്ടിട്ടില്ല.
ഇപ്പോള്‍ ബി.ജെ.പിയും ഫോക്ലോര് അക്കാദമിക്ക് എതിരായി രംഗത്തിറങ്ങിയിരിക്കുകയാണ്. പാര്‍ട്ടി നേതാവ് ശ്യാംരാജ് ദേശീയ പട്ടികജാതി കമ്മിഷനു പരാതി നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ ആദിവാസികളെ വിചിത്ര വേഷം കെട്ടിച്ച് അണിനിരത്തിയവരാണ് അവര്‍''-അദ്ദേഹം പറഞ്ഞു.
‘‘പ്രദര്‍ശനത്തിന് അണിയിച്ചത് ആദിവാസികള്‍ ഉപയോഗിക്കാത്ത വേഷം’’
ഫോക്ലോര് അക്കാദമിക്കെതിരേയും സര്‍ക്കാരിനെതിരേയും വിവിധ ആദിവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു പ്രതിഷേധയോഗം നടത്തുമെന്നു ഗോത്ര സംരക്ഷണ സഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന് അറിയിച്ചു.
കേരളത്തിലെ ആദിവാസികള്‍ ഒരിക്കലും ഉപയോഗിക്കാത്ത വേഷവിധാനങ്ങള്‍ അണിയിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇക്കാലത്തു സാധാരണ ജനം ഉപയോഗിക്കുന്ന വേഷവിധാനത്തോടെയാണ് അവര്‍ ജീവിക്കുന്നത്. കേരള ആദിവാസികളെ വിദേശസഞ്ചാരികള്‍ക്കു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രദര്‍ശനമായിരുന്നു അത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഗീതാനന്ദന് പറഞ്ഞു.






