
തിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല ബാങ്കില്‍ ഇ.ഡിയും ഇടപെട്ടതോടെ, ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പുറത്താക്കി. ഭാസുരാംഗന്റെ വീട്ടില്‍ ഇ.ഡി. കഴിഞ്ഞദിവസം പരിശോധന നടത്തിയതിനേത്തുടര്‍ന്ന് സി.പി.ഐ. ജില്ലാ കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നാണു നടപടിയെടുത്തത്. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണു പുറത്താക്കലെന്നും സൂചനയുണ്ട്.
സഹകരണ രജിസ്ട്രാറുടെ അനേ്വഷണത്തില്‍ 101 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണു കണ്ടല ബാങ്കിലും മുന്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍, ജീവനക്കാര്‍, കളക്ഷന്‍ ഏജന്റ് എന്നിവരുടെ വീടുകളിലും ഇ.ഡി. പരിശോധന നടത്തിയത്. തുടര്‍ന്ന്, ഇന്നലെ ചേര്‍ന്ന സി.പി.ഐ. ജില്ലാ കമ്മിറ്റി ഈ വിഷയം മാത്രമാണു ചര്‍ച്ചചെയ്തത്. അഞ്ച് മിനിട്ട് കൊണ്ട് ഭാസുരാംഗനെതിരേ നടപടിയെടുത്ത് യോഗം പിരിഞ്ഞു.
ഭാസുരാംഗന്റെ ഇടപാടുകളുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നാണു നേതൃത്വത്തിന്റെ വിശദീകരണം. ആരോപണമുയര്‍ന്നപ്പോള്‍ മുമ്പ് രണ്ടുതവണ ഭാസുരാംഗനെതിരേ നടപടി സ്വീകരിച്ചിരുന്നു. ആദ്യം മണ്ഡലം കമ്മിറ്റിയിലേക്കും പിന്നീട് പ്രാഥമികാംഗത്വത്തിലേക്കും തരംതാഴ്ത്തിയിരുന്നതായി സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. നിലവില്‍ ഭാസുരാംഗന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ഭരണനിര്‍വഹണസമിതി കണ്‍വീനറാണ്.
മൂന്ന് പതിറ്റാണ്ട് കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗന് 2006-ലാണ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐയിലെത്തിയത്. ബാങ്കിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം സി.പി.ഐ. നേതൃത്വത്തില്‍ ചിലര്‍ ഭാസുരാംഗനെ സംരക്ഷിച്ചു. മില്‍മയിലെ ചില നിയമനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ചില സി.പി.ഐ. മന്ത്രിമാരുടെ ഉള്‍പ്പെടെ പിന്തുണയും ഇയാള്‍ക്കു ലഭിച്ചതായി പാര്‍ട്ടിയില്‍ ഒരുവിഭാഗം ആരോപിക്കുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് 2005-2021 വരെയുള്ള കണ്ടല ബാങ്കിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചത്. ബാങ്കിന് ഇക്കാലയളവില്‍ 101 കോടി രൂപയുടെ മൂല്യശോഷണം സംഭവിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഭാസുരാംഗനും കുടുംബവും വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തി. തുടര്‍ന്ന്, സഹകരണവകുപ്പില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് ഇ.ഡിയും ഒരുമാസം മുമ്പ് അന്വേഷണമാരംഭിച്ചു.
ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ബന്ധുക്കളുടെ പേരില്‍ അനധികൃതമായി വായ്പയെടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവില്‍ ജീവനക്കാര്‍ ലക്ഷങ്ങള്‍ കമ്മീഷന് െകെപ്പറ്റിയെന്നും ഇ.ഡി. കണ്ടെത്തിയതായാണു സൂചന. പോലീസ് വഞ്ചനാക്കുറ്റം ചുമത്തിയതോടെയാണ് ഇ.ഡി. രംഗപ്രവേശം ചെയ്തത്.






