
ജയ്പൂര്‍: നാലു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജസ്ഥാനില്‍ ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ദൗസാ ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭൂപേന്ദ്രസിംഗ് എന്ന സബ് ഇന്‍സ്പെക്ടറാണ് പിടിയിലായത്. ജില്ലയിലെ ലാല്‍സോത്ത് ഏരിയയിലാണ് സംഭവം. കൊച്ചുപെണ്‍കുട്ടിയെ മോഹിപ്പിച്ച് തന്റെ മുറിയില്‍ എത്തിച്ചായിരുന്നു പീഡനം.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ നാട്ടുകാര്‍ സംഘടിച്ച് എത്തുകയും പോലീസിനെതിരേ രഹുവാസ് പോലീസ് സ്റ്റേഷനില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ആരോപണവിധേയനായ സബ് ഇന്‍സ്പെക്ടറെ നന്നായി മര്‍ദ്ദിച്ച ശേഷമായിരുന്നു പോലീസിന് കൈമാറിയത്.
ബിജെപി സംഭവം ഏറ്റെടുത്തിട്ടുണ്ട്. 'അശോക് ഗെലോട്ട് സര്‍ക്കാരിന്റെ കഴിവുകേട് കാരണം സ്വേച്ഛാധിപത്യപരമായി മാറിയ പോലീസ്, തിരഞ്ഞെടുപ്പ് പോലുള്ള സെന്‍സിറ്റീവ് സന്ദര്‍ഭങ്ങളില്‍ പോലും അതിക്രമങ്ങള്‍ കാണിക്കുന്നതില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ബിജെപിഎംപി കിരോഡി ലാല്‍ മീണ ആരോപിച്ചു. എഎസ്ഐ ഭൂപേന്ദ്ര സിംഗ് കടുത്ത നടപടി നേരിടുകയാണ്. ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. കുടുംബത്തോടൊപ്പമാണ് പോലീസ്. ദുരിതബാധിതരായ എല്ലാ അംഗങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മീണ പറഞ്ഞു. ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ബിജെപി എംപി പറഞ്ഞു.






