
കോഴിക്കോട്: രാജകുടുംബത്തെ ഹെര്‍ ഹൈനസ് എന്നല്ലാതെ പിന്നെ ചേച്ചിയെന്ന് വിളിക്കണോയെന്ന് വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് വന്‍ വിവാദം വിളിച്ചു വരുത്തുമ്പോഴാണ് നോട്ടീസിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നത്.
എലിസബത്ത് രാജ്ഞിയെ എലിസബത്ത് ചേച്ചിയെന്നല്ല ഇംഗ്ളീഷുകാര് വിളിക്കുന്നതെന്നും ഡയാനയെ ഡയാനചേച്ചിയെന്നോ ഡയാനാ സിസ്റ്റര്‍ എന്നോ പരാമര്‍ശിക്കാറില്ലെന്നും നമ്മുടെ ഗതകാലത്തോടും ഇന്നലെകളോടുമുള്ള ബഹുമാനസൂചകമാണ് അതെന്നും പറഞ്ഞു. ഈ വിഷയത്തില്‍ മീഡിയാ വണ്ണിലെ ചര്‍ച്ചയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
നാട്ടിലുള്ള എല്ലാ നല്ല വസ്തുക്കളും തമ്പുരാന്മാരുടേയും രാജകുടുംബവും ഉണ്ടാക്കിയതാണെന്നും സെക്രട്ടേറിയേറ്റും ഇംഗ്ളീഷ് വിദ്യാഭ്യാസവും ഹോസ്പിറ്റലും എല്ലാം നല്‍കിയത് തിരുവിതാംകൂര്‍ റോയല്‍ ഫാമിലിയാണെന്നും പറഞ്ഞു. ജനാധിപത്യം പുലരുന്ന ഇംഗ്ളണ്ടില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഒരു ഹിന്ദുവാണെന്നും അവരും എലിസബത്ത് രാജ്ഞിയെ ക്വീന്‍ എന്നാണ് വിളിക്കുന്നതെന്നും ഡയാനയെ പ്രിന്‍സസ് എന്നുമാണ് വിളിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരദിന വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുറത്തിറക്കിയ നോട്ടീസിന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഎം കാരനും എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംലം സെക്രട്ടറിയുമായ അശോകന് ചരുവില്‍ അടക്കമുള്ളവര്‍ നോട്ടീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
ജനാധിപത്യ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാട്ടുന്ന സവര്ണദാസ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് നോട്ടീസും പോസ്റ്ററുമെന്ന് പരസ്യമായി തുറന്നടിച്ച് വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ചെയ്യുന്ന പരിപാടിയില്‍ തിരുവിതാംകൂര്‍ രാജ്ഞിമാരാണ് ഭദ്രദീപം തെളിയിക്കുന്നത്.






