
കൊടി സുനി വിയ്യൂർ ജയിലിൽ നടത്തിയ ആസൂത്രിത കലാപത്തിൽ തുടരന്വേഷണം നടത്താതെ ജയിൽ വകുപ്പ്. ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെ സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിനായിട്ടാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം.
സഹായികളായി നിന്ന ഉദ്യോഗസ്ഥർക്കെതിരെ തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും ഇതുവരെയും നടപടിയുണ്ടായില്ല. കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും വേണ്ട അന്വേഷണമോ നടപടികളോ ജയിൽ വകുപ്പ് കൈക്കൊണ്ടിട്ടില്ല.
കലാപത്തിന് പിന്നാലെ കൊടി സുനിയെ മധ്യമേഖലാ ഡിഐജിയുടെ കീഴിലുള്ള വിയൂരിൽ നിന്ന് ഉത്തര മേഖലാ ഡിഐജിയുടെ കീഴാലുള്ള തവനൂരിലേക്ക് മാറ്റുകയാണുണ്ടായത്. കൊടി സുനിയുടെ നേതൃത്വത്തിൽ 10 തടവുകാർ നടത്തിയ കലാപം ആസൂത്രണം ചെയ്തതിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം കലാപം നടക്കുമ്പോൾ സുനിയെ സഹായിച്ച ജീവനക്കാരിൽ ചിലർ കാഴ്ചക്കാരായി നിന്നു എന്നും ആക്ഷേപമുണ്ട്.






