കോഴിക്കോട്: കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ടി സിദ്ദിഖ് എം എല്‍ എ ആരോപിച്ചു. ധൂര്‍ത്തിന് സര്‍ക്കാരിന് പണമുണ്ട് അതേ സമയം കര്‍ഷകര്‍ക്ക് നയാപൈസ നല്‍കുന്നില്ല. സര്‍ക്കാറിനെതിരെ യുഡിഎഫ് കുറ്റപത്രം തയ്യാറാക്കും. പ്രസാദിന്റെ അവസാന വാക്കുകള്‍ കര്‍ഷകന്റെ യഥാര്‍ത്ഥ അവസ്ഥയാണ്. പ്രസാദിന്റെ വാക്കുകള്‍ മരണമൊഴിയായി കണക്കാകി സര്‍ക്കാരിനെതിരെ കേസെടുക്കണം. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണ്.
അന്നംമൂട്ടുന്ന കര്ഷകന് സര്‍ക്കാര്‍ നല്‍കുന്നത് കൊലക്കയറാണ്. പ്രസാദ് അതിന്റെ ഒടുവിലത്തെ ഇരയാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് പി ആര് ഷീറ്റ് നല്കുന്നു എന്നാല്‍ ഇതുമായി ബാങ്കില്‍ പോയാല്‍ പണവും വായ്പയോ നല്‍കുന്നില്ല. ഇതില്‍ ഒന്നാം പ്രതി സര്‍ക്കാരും രണ്ടാം പ്രതി ബാങ്കുമാണ്.
ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണം. ഇത്തരമൊരു പ്രതിസന്ധി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം ആരോപിച്ചു.






