ബംഗളുരു/ന്യുഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര, സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മി എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു. സമന്‍സ് അയച്ച കാര്യം ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം സ്ഥിരീകരിച്ചു. ബംഗളുരുവില്‍ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പരമേശ്വര സ്ത്രീകള്‍ക്കെതിരായി പരാമര്‍ശം നടത്തിയിരുന്നു.
യുവജനങ്ങള്‍ പാശ്ചാത്യ രീതിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പാശ്ചാത്യ രീതിയിലുള്ള സ്ത്രീകളുടെ വസ്ത്രധാരണവും പ്രശ്‌നമാണെന്ന് മന്ത്രി ആരോപിച്ചിരുന്നു.
നഗ്നത വെളിപ്പെടുത്തുന്നതിടെ ഫാഷനായി കാണുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നായിരുന്നു അബു അസ്മിയുടെ പ്രസ്താവന. മോശം വസ്ത്രം ധരിക്കുന്നതാണ് ആധുനികതയെന്നും വിദ്യാസമ്പന്നരുടെ ലക്ഷണമെന്നും ഇവര്‍ കരുതുന്നതായും അബു അസ്മി ആരോപിച്ചിരുന്നു. ഇത്തരം പ്രവണത രാജ്യത്ത് വര്‍ധിച്ചു വരുന്നു. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.






