
ന്യൂഡല്‍ഹി: നടി രശ്മികാ മന്ദനയുടെ എഐ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട കേസില്‍ ഒരു ബീഹാറി യുവാവിനെ പോലീസ് ചോദ്യം ചെയ്തു. 19 കാരനായ യുവാവിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജമായി നിര്‍മ്മിച്ച വീഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
യുവാവ് ആദ്യം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വീഡിയോ അപ്ലോഡ് ചെയ്യുകയും പിന്നീട് മറ്റ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തതായി പോലീസ് സംശയിക്കുന്നു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തില്‍ ചേരാന്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
നവംബര്‍ 10 ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യാജനിര്‍മ്മാണ, മാന്യതയ്ക്ക് കോട്ടം വരുന്ന രീതിയിലുള്ള വ്യാജരേഖ ചമയ്ക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമുള്ള ദുരുപയോഗം തുടങ്ങിയ പലതരം കുറ്റമാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ യൂണിറ്റ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ബീഹാര്‍ സ്വദേശിയോട് ഐഎഫ്എസ്ഒ യൂണിറ്റിന് മുന്നില്‍ ഹാജരാകാനും വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ചതായി അവകാശപ്പെടുന്ന മൊബൈല്‍ ഫോണ്‍ കൊണ്ടുവരാനും ആവശ്യപ്പെട്ടിരിക്കുകയാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെ, പ്രതിയെ തിരിച്ചറിയാന്‍ യുആര്‍എല്ലും മറ്റ് വിശദാംശങ്ങളും ലഭിക്കാന്‍ ഐഎഫ്എസ്ഒ യൂണിറ്റും മെറ്റയ്ക്ക് കത്തെഴുതി.






