
വാഹനാപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും കേരളത്തില്‍ നിത്യസംഭവമാണ്. എന്നാല്‍ അപകടം സംഭവിച്ചു കഴിഞ്ഞാല്‍ നോക്കി നില്‍ക്കാനും ഫോട്ടൊയെടുക്കാനുമല്ലാതെ പരുക്കേറ്റ ആളെ രക്ഷിക്കാന്‍ ആരും തയ്യാറാവാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഇവിടെയാണ് വിധിയെ തോല്‍പ്പിച്ച് പരുക്കേറ്റയാള്‍ക്ക് പുനര്‍ജന്‍മം നല്‍കുന്ന 'എറിക് നോബര്‍ട്ടി'ന്റെ കഥ വേറിട്ട് നില്‍ക്കുന്നതും പ്രകാശം പരത്തുന്നതും.
ആദ്യത്തെ ജീപ്പ് യാത്ര തന്നെ പരുക്കേറ്റയാളെ ആശുപത്രിയിലാക്കിക്കൊണ്ടായിരുന്നു. അതൊരു വഴിത്തിരിവായി. ഇപ്പോഴും പ്രതിഫലേച്ഛ കൂടാതെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന എറിക് നോബര്‍ട്ട് വേറിട്ട വഴിയില്‍ എത്തിപ്പെട്ടതിന്റെ കഥ പറയുന്നു.
''തികച്ചും യാദൃച്ഛികമായാണ് എന്റെ പതിനെട്ടാം വയസ്സില്‍ അപകടത്തില്‍പ്പെട്ട ഒരു വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്നതും അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരുന്നതും. ആ ഓര്‍മ്മ മനസ്സില്‍നിന്ന് മായാതെ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടുതന്നെയാണ് ഇപ്പോഴും ആ പാത പിന്‍തുടരുന്നത്.
കോട്ടുവള്ളിയിലായിരുന്നു എന്റെ ജനനം. അച്ഛന്‍ നോബര്‍ട്ട് സേവ്യറിന് എഫ്.എ.സി.ടി.യിലായിരുന്നു ജോലി. അമ്മ ഉഷ നോബര്‍ട്ട്. മൂന്നാണ്‍മക്കളില്‍ രണ്ടാമനായിരുന്നു ഞാന്‍. സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം കൂനമ്മാവിലും ആലുവയിലുമായിരുന്നു.
പതിനെട്ടാം വയസ്സില്‍ത്തന്നെ ഞാന്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് എടുത്തു. അപ്പോഴാണ് അച്ഛന്‍ പുതിയ ജീപ്പ് വാങ്ങുന്നത്. കൂട്ടുകാരെ കാണിക്കാനായി ഞാന്‍ ജീപ്പുമെടുത്തിറങ്ങി. തനിച്ച് ഓടിക്കാന്‍ പഠിച്ചു വരുന്നതേയുള്ളൂ. അപ്പോഴാണ് കൂനമ്മാവിലുള്ള പെട്രോള്‍ പമ്പിനടുത്ത് ഒരു അപകടമുണ്ടാവുകയും അപകടത്തില്‍പ്പെട്ട വ്യക്തിയെ കൂനമ്മാവിലെ ജന്മികള്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് ലൂര്‍ദ്ദ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ പറഞ്ഞപ്പോള്‍ കൂനമ്മാവ് ചന്തയില്‍ ഇറക്കിവിടുകയും ചെയ്തത്. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തമൊലിച്ചിരിക്കുന്ന വ്യക്തിയെയാണ് ഞാന്‍ ജീപ്പിലിരുന്ന് കണ്ടത്. ആ വ്യക്തിയെ കണ്ടപ്പോള്‍ മുമ്പ് ആരോ പറഞ്ഞ വാചകശകലങ്ങള്‍ എന്റെ മനസ്സിലേക്കിരച്ചുകയറി. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്നാല്‍ അതപകടമാണ്. പിന്നെയൊന്നും ആലോചിച്ചില്ല. ആ മനുഷ്യനെ ഉടനെ വണ്ടിയില്‍ കയറ്റി ലൂര്‍ദ്ദില്‍ എത്തിച്ചു. ഉടന്‍ തന്നെ ശസ്ത്രക്രിയ നടന്നു. ജീവിതത്തിലേക്ക് തിരികെയെത്തി. എന്റെ ആദ്യ ജീപ്പ് യാത്രയുടെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണിത്.
പിന്നീട് പഠനം, ജോലി അങ്ങനെപോയി. കുറച്ചുകാലം ബോംബെയിലും ജോലി നോക്കി. പിന്നീട് നാട്ടിലെത്തി പ്ലൈവുഡ്, ഗ്ലാസ്, ഹാര്‍ഡ്‌വെയര്‍ മൂന്നും ചേര്‍ന്നുള്ള കട പുത്തന്‍പള്ളിയില്‍ തുടങ്ങി. ഹൈവേയില്‍ അപകടങ്ങള്‍ പതിവാണ്. വീണ്ടും അപകടങ്ങള്‍ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ പതിനെട്ടാം വയസ്സില്‍ നടന്ന സംഭവമാണ് ഓര്‍മ്മവന്നത്.
ഒരു ജീവന്‍ നഷ്ടമാകാതിരിക്കാന്‍ നമ്മളാല്‍ കഴിയുന്നതെന്തും ചെയ്യണം. ശബരിമല സീസണിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഒരുപാട് പേരെ ആശുപത്രിയിലെത്തിച്ച് രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട്. സ്വന്തം ജീപ്പില്‍ മൂന്നുപേരെ അട്ടിക്കിട്ട് കിടത്തി തനിച്ച് പോയിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മരണപ്പെട്ടു. പലരും കൂടെ വരില്ല. മനുഷ്യരക്തത്തിന് വല്ലാത്ത ഗന്ധമാണ്. പലര്‍ക്കും മനംപിരട്ടലുണ്ടാക്കും.
ആദ്യമായി ഒരു ചെറുപ്പക്കാരന് സി.പി.ആര്‍. നല്‍കി ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥയുണ്ടായി. സംഭവം നടന്നിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. എന്റെ സുഹൃത്തിന്റെ സഹോദരനെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയി കണ്ടിട്ടു വരുന്ന വഴിയാണ്. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. എന്റെ കൈയിലുണ്ടായിരുന്ന 613 രൂപയും നല്‍കി. കാലിപോക്കറ്റുമായി വരുന്ന വഴിക്കാണ് ഒരു ചെറുപ്പക്കാരന്‍ സൈക്ലിംഗിന് വന്ന് തിരിച്ച് പോകും വഴി അപകടത്തില്‍പ്പെട്ടത് കാണുന്നത്.
പോലീസുകാര്‍ നോക്കിനില്‍ക്കുന്നു. ഓട്ടോയുടെ പിറകില്‍ പയ്യനെ കിടത്തി. ആസ്റ്റര്‍ മെഡിസിറ്റിക്ക് അവിടെ നിന്നും വലിയ ദൂരമില്ല. ഓട്ടോ ഡ്രൈവര്‍ പറയുന്നു ഞാനവിടെ എത്തിച്ചിട്ട് തിരികെപ്പോരും. ഇത് കേട്ടുകൊണ്ടാണ് ഞാന്‍ അടുത്തെത്തുന്നത്. പഞ്ചറായ എന്റെ വണ്ടി ഒതുക്കി നിര്‍ത്തി ഞാന്‍ ഓട്ടോയില്‍ കയറി പയ്യന്റെ കാലുകളെടുത്ത് എന്റെ മടിയില്‍ വച്ചു. ശ്രദ്ധിച്ച് മുഖത്തേക്ക് നോക്കിയപ്പോള്‍ കൈവിട്ട് പോകുമെന്ന് തോന്നി. സി.പി.ആര്‍. എന്തെന്ന് അറിയാമെന്നല്ലാതെ അത് ചെയ്യേണ്ട ആവശ്യം വന്നിരുന്നില്ല. ജീവിതത്തിലാദ്യമായി ആ പയ്യന് സി.പി.ആര്‍. നല്‍കി. ചെറിയ ശബ്ദം പുറത്തുവന്നു. താമസിയാതെ ആശുപത്രിയിലെത്തി. ഞാനിവിടെ ഉണ്ടാകും. വേണ്ട ചികിത്സ ഉടനെ നല്‍കാന്‍ പറഞ്ഞു.
പയ്യന്റെ ഫോണ്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു. ഫോണ്‍ വരുത്തിച്ച് എന്തു ചെയ്തിട്ടും ഓപ്പണ്‍ ആകുന്നില്ല. പയ്യന്റെ വിരല്‍വച്ചും തുറക്കാന്‍ കഴിയുന്നില്ല. അപ്പോഴാണ് അവിടെ ക്ലീനിങ്ങിലുണ്ടായിരുന്ന ഒരു വ്യക്തി ഫോണ്‍ വാങ്ങി എമര്‍ജന്‍സി കോള്‍ വിളിച്ചുതന്നത്.
ഒരിക്കലും ആരേയും വിലകുറച്ചു കാണരുത് എന്നതിന് ഉദാഹരണം കൂടിയാണത്. ഫോണെടുത്തത് പയ്യന്റെ അച്ഛനായിരുന്നു. വിവരങ്ങള്‍ ചുരുക്കിപ്പറഞ്ഞ് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു. കുടുംബസമേതം അവര്‍ പാഞ്ഞെത്തി. ഞാന്‍ തിരിച്ചുപോരാന്‍ നേരം ആ അമ്മ കൈകൂപ്പി എന്റെ മുമ്പില്‍ നിന്ന് പൊട്ടിക്കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞുപോയി. ആഴ്ചകള്‍ക്ക് ശേഷം ആ പയ്യന്‍ പൂര്‍ണ്ണ ആരോഗ്യവാനായി. ഒരുപാട് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.
അവര്‍ കുടുംബസമേതം എന്റെ വീട്ടിലേക്ക് വന്നു. അവര്‍ മാത്രമാണ് എന്നെ അന്വേഷിച്ച് വന്നിട്ടുള്ളതും. ഞാന്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ടുതന്നെ എനിക്കതൊന്നും വിഷയമല്ല. വരുന്നുവെന്ന് വിളിച്ച് പറഞ്ഞപ്പോള്‍ പ്രതിഫലവും കൊണ്ട് എന്റെ വീട്ടില്‍ വരരുത് എന്നാണ് ഞാന്‍ പറഞ്ഞത്. എങ്കിലും മധുരവും ഡ്രസ്സും അവര്‍ നിര്‍ബന്ധപൂര്‍വ്വം നല്‍കി. എത്ര പേരെ ആശുപത്രിയിലെത്തിച്ചുവെന്ന കണക്ക് കൃത്യമായി അറിയില്ല. എങ്കിലും ചുരുങ്ങിയത് ഇരുനൂറ്റന്‍പതു പേരെങ്കിലും ഉണ്ടാവും. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുവെന്ന സംതൃപ്തിയുണ്ട്.