
ഇടുക്കി: മഞ്ഞക്കാര്ഡൊക്കെ സിപിഎംകാര്‍ക്കുള്ളതാ തങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ഇല്ലെന്ന് പെന്ഷന് മുടങ്ങിയതിന് സര്‍ക്കാരിനെതിരേ ഭിക്ഷയെടുത്ത മറിയക്കുട്ടി. ജനങ്ങളെ ഇങ്ങിനെ പറ്റിച്ചോണ്ടിരിക്കുന്നത് എന്തിനാണെന്നും ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോയെന്നും ചോദിച്ചു. എല്ലാവര്ക്കും ക്ഷേമപെന്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കെ തന്നെ കാണാനെത്തിയ ബിജെപി നേതാവും നടനുമായ സുരേഷ്ഗോപിയോടായിരുന്നു മറിയക്കുട്ടിയുടെ ചോദ്യം.
തന്നെ അറസറ്റ് ചെയ്താലും കുഴപ്പമില്ല ആരാണ് കുലംകുത്തിയെന്ന് താന്‍ ചോദിക്കുമെന്നും പറഞ്ഞു. പിന്നാലെ അമ്മയെ ശ്രദ്ധിച്ചോളണമെന്ന് സുരേഷ്ഗോപിയും കൂടെയെത്തിയവരോട് പറഞ്ഞു. സാറ് ഇത്രയും അത്ഭുതങ്ങള്‍ പ്രവര്ത്തിച്ചേച്ച് പോകുന്നതില്‍ തനിക്ക് നന്ദിയുണ്ടെന്നും സാറിനൊത്തിരി ഉപദ്രവങ്ങള്‍ ഉണ്ടായിയതില് തങ്ങള്‍ക്ക് ദുഖമുണ്ടായിരുന്നെന്നും പറഞ്ഞു. പ്രാദേശിക നേതാക്കള്‍ക്ക് ഒപ്പമായിരുന്നു സുരേഷ്ഗോപി രാവിലെ അടിമാലിയില്‍ മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്ത നല്കിയ പത്രത്തിനെതിരേ മറിയക്കുട്ടി ഇന്ന് അടിമാലി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്പ്പിക്കുന്നയത്.
മാസങ്ങളായി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്കാന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ വിധവാപെന്ഷന് കിട്ടേണ്ട മറിയക്കുട്ടിക്ക് പെന്ഷന് നല്കാന് പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്ത് പറയുകയായിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് കിട്ടാതെ അത് കൊടുക്കാന്‍ കഴിയില്ലെന്ന വിശദീകരണമാണ് പഞ്ചായത്ത് നല്‍കിയത്. അഞ്ചു മാസത്തെ കുടിശ്ശികയാണ് മറിയക്കുട്ടിക്ക് നല്‍കാനുള്ളത്.






