തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവഴികൾ എഴുന്നള്ളതിനെ അനുസ്മരിപ്പിക്കുന്ന യാത്രക്കാണ് കമ്യൂണിസ്റ്റ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ് പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരൻ
1600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചിലവഴിക്കുന്നത്.കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. ബസിനകത്ത് എന്തെല്ലാം ആഢംബരമുണ്ടെന്നതും ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തുമെന്നും വി.മുരളീധരൻ പറഞ്ഞു.
ജന സമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി, മുഹമ്മദ് റിയാസ് മുൻപ് നടത്തിയ പിആർ എക്സൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സർക്കാർ പറയട്ടെ എന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽഡിഎഫ് സർക്കാർ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.






