
ജനപ്രിയനായകനായ ദിലീപിനൊപ്പം പ്രേക്ഷകരുടെ ഒരു വലിയ സ്നേഹവും ആരാധനയും എന്നും എപ്പോഴുമുണ്ട്. വ്യക്തിജീവിതത്തില്‍ പല പ്രതിസന്ധികളുമുണ്ടായിട്ടും ദിലീപിനെ പ്രേക്ഷകര്‍ വെറുക്കുകയോ അകറ്റുകയോ ചെയ്തിട്ടില്ല. ഈ വിവാദങ്ങള്‍ക്കിടയിലും ദിലീപ് അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാന്ദ്ര’ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മകള്‍ മീനാക്ഷിയെക്കുറിച്ചും പഠനത്തെക്കുറിച്ചും മീനൂട്ടിയുടെ നല്ല മനസ്സിനെക്കുറിച്ചും മനസ്സ തുറന്നാണ് ദിലീപ് സംസാരിക്കുന്നത്. മീനാക്ഷി പ്ലസ്ടൂവിന് പഠിക്കുമ്പോഴാണ് ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയതെന്നും എന്നിട്ടും അവള് പഠിച്ച് നല്ല മാര്‍ക്ക് നേടിയെന്നും ദിലീപ് പറയുന്നു.
‘‘എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. എനിക്ക് അവളോട് എന്തും പറയാം. നിനക്ക് എന്താണു വേണ്ടത്, എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാൻ പിന്തുണ നല്‍കും എന്നാണ് അവളോട് ഞാൻ പറയുന്നത്. ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകള്‍ വേറെയാണ്. അവള് ഇപ്പോള്‍ പഠിക്കുകയാണ്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളില്‍ ഒരാള്‍ സൈലന്റും മറ്റെയാള്‍ കുറച്ചു വൈലന്റുമാണ്. എന്റെ മക്കള്‍ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കള്‍ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കള്‍ അങ്ങനെയാണ്. നമ്മള് അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ അവരെ അങ്ങനെയാണ് കാണുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്നവവര് അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാൻ എല്ലാവര്ക്കും എന്നും ആകാംക്ഷയാണ്.
ചിലപ്പോഴൊക്കെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ ‘എന്താണ് അച്ഛാ ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോള്‍ ഞാൻ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാൻ എന്തെല്ലാം കേള്‍ക്കുന്നുണ്ട്. നമ്മള് അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്ന്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവള് ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. ഏറ്റവും ബുദ്ധിമുട്ടിയിരുന്ന സമയത്തും എൻട്രൻസ് എഴുതി മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവള് നല്ല മാര്‍ക്കോടെ പാസായത്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. ചിലപ്പോഴൊക്കെ ‘അച്ഛാ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’ എന്നു പറയും. അപ്പൊ ഞാൻ പറയും ‘ചുമ്മാ പോയി നോക്ക്’. പക്ഷേ പതിയെ പതിയെ അവള് ആ ട്രാക്കില്‍ വീണു. നന്നായി പഠിച്ചു നല്ല മാര്‍ക്ക് വാങ്ങി.
ഒരിക്കല്‍ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല. മോള്‍ക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണു വേണ്ടതെന്ന്. അവള് ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിനപ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോള്‍ അവള് സര്‍ജറിയുടെ കൂടെ നില്ക്കുന്നു, സര്‍ജറി ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനമാണ്. കഴിഞ്ഞദിവസം അവള് സര്‍ജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. ഇതുപോലെ പഠിക്കുന്ന ഓരോ മക്കളുടെയും മാതാപിതാക്കള്‍ക്ക് അത് അഭിമാനം ആണ്. ഞാൻ എടുത്തുകൊണ്ട് നടന്ന മകള്‍ ആണല്ലോ ഇതൊക്കെ ചെയ്യുന്നത് എന്ന് അവര്‍ക്ക് തോന്നും. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള് ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാൻ നില്‍ക്കാറില്ല. മോള്‍ക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നില്ക്കുക എന്നത് മാത്രമാണ് ചെയ്യാറുള്ളത്....’’ ദിലീപ് പറയുന്നു.






