
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ക്യാൻസർ രോഗ നിർണയത്തിന്റെ ഭാഗമായി നടത്തിയ കോൾപോസ്കോപി പരിശോധയ്ക്കിടെ സ്ത്രീയ്ക്ക് പൊള്ളലേറ്റ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ മെഡിക്കൽ ഓഫീസർ രംഗത്ത്. ശരിയായ ഗുണനിലവാരമുള്ള അസറ്റിക് ആസിഡാണ് പരിശോധനയ്ക്ക് ഉപയോഗിച്ചതെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു.
അസറ്റിക് ആസിഡ് ശരിയായ അളവിലും ഗുണനിലവാരത്തിലുമാണ്ഉപയോഗിച്ചതെന്ന് സ്വകാര്യ ലാബിലേയും ഗവ. അനലിറ്റിക്കൽ ലാബിലേയും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനം നേർപ്പിച്ച അസറ്റിക് ആസിഡാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.സാധാരണ വീര്യം കുറഞ്ഞ ആസിഡായ അസെറ്റിക് ആസിഡ് 3 ശതമാനം നേർപ്പിക്കുക കൂടി ചെയ്യുമ്പോൾ സാധാരണ പോള്ളൽ ഏൽക്കില്ല.
മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പടെയുള്ള സമിതി പരിശോധിച്ച് പരാതിക്കടിസ്ഥാനമായ രോഗാവസ്ഥയെക്കുറിച്ചുള്ള കണ്ടെത്തലുകളിൽ നിന്നാവും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ഡി.എം.ഒ പറഞ്ഞു.
അതേ സമയം സംഭവത്തിൽ ഡോ. ലക്ഷ്മിക്കെതിരെ ഐപിസി 337 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ബയോപ്സി പരിശോധനയ്ക്കിടെ ആശാപ്രവർത്തകയ്ക്ക് പൊള്ളലേറ്റത് . അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പോലീസ്. ഡോ. ലക്ഷ്മി നിർബന്ധിത അവധിയിലാണെന്ന് ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വർഗീസ് സ്ഥിരീകരിച്ചു.





