
കേന്ദ്രപാര: പൊതുശ്മശാനത്തില്‍ ബ്രാഹ്മണരുടെ മൃതദേഹങ്ങള്‍ മാത്രമേ സംസ്ക്കരിക്കാന്‍ കഴിയൂ എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദളിത് വിഭാഗങ്ങള്‍ സമരത്തില്‍. ഒഡീഷയിലെ കേന്ദ്രപാഡയില്‍, ഹസാരിബാഗിച്ചയിലെ ഒരു ശ്മശാനമാണ് ഇപ്പോഴും ജാതീകേന്ദ്രീകൃതമായ ആരോപണത്തില്‍ കുരുങ്ങിയിരിക്കുന്നത്. 1950 മുതല്‍ ഈ ശ്മശാനത്തില്‍ ജാതി അസമത്വം തുടരുന്നതായിട്ടാണ് സമരക്കാരുടെ ആക്ഷേപം.
1928 മുതല്‍ ഇവിടെ 'ബ്രാഹ്മണ സംസാന്' പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 154 വര്‍ഷം പഴക്കമുള്ള പൗരസമിതി ശ്മശാനത്തിന്റെ പ്രധാന കവാടത്തില്‍ ഈയിടെ ഒരു ബോര്‍ഡ് വെച്ചതാണ് വിവാദമുണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ പരാതിപ്പെട്ട് സ്ഥലത്തെ ദളിത് സമാജം സര്‍ക്കാരിന് ഒരു കത്ത് അയച്ചിരിക്കുകയാണ്. ''പൗരസമിതി ദീര്‍ഘകാലമായി ശ്മശാനസ്ഥലം പരിപാലിക്കുന്നത് ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.'' എന്നാണ് ദളിത് നേതാക്കളുടെ പ്രതികരണം. ജാതിമതഭേദമെന്യേ എല്ലാ ഹിന്ദുക്കളെയും മൃതദേഹങ്ങള്‍ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ഭരണകൂടത്തോട് ഈയിടെ അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അപേക്ഷകള്‍ ശ്രദ്ധിക്കുന്നതേയില്ലെന്നും ഒഡീഷ ദളിത് സമാജ് ജില്ലാ യൂണിറ്റ് പ്രസിഡന്റായ നാഗേന്ദ്ര ജെന പറയുന്നു.
ഇതിനെതിരേ സിപിഎമ്മും രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രപാഡ ടൗണില്‍ ബ്രാഹ്മണര്‍ക്കായി മാത്രം ശ്മശാനം നടത്തുന്നത് പൗരസമിതിയുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഗയാധര്‍ ധാല്‍ പറഞ്ഞു. 'ദലിതര്‍ ചില ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ ഇപ്പോഴും ഒഡീഷയിലെ ചിലയിടങ്ങളിലുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന ം മൗലികാവകാശങ്ങളുടെ ലംഘനമാണ് 'ബ്രാഹ്മിണ്സംസാന്' നടത്തുന്നതെന്ന് അഭിഭാഷകനായ പ്രദീപ്ത ഗോചായത്തും പറയുന്നു.
നേരത്തേ ദലിതര്‍ക്ക് പ്രത്യേക ശ്മശാനം അനുവദിച്ചതിന് 2019 ല്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ദലിതര്‍ക്ക് പ്രത്യേക ശ്മശാനം നല്‍കുന്നത് ജാതി അസമത്വത്തെ പ്രോത്സാഹിപ്പിക്കലാണെന്നാണ് കോടതി വിലയിരുത്തിയതെന്ന് പ്രദേശവാസിയായ ബസന്ത് പാണ്ഡ പറഞ്ഞു, അതേസമയം 1928 ല്‍ ഈ ശ്മശാനസ്ഥലം ബ്രാഹ്മണര്‍ക്ക് മാത്രമായി പൗരസമിതി നിര്‍മ്മിച്ചതാണ്. ഇതര ജാതിയില്‍പ്പെട്ട ആളുകളുടെ മൃതദേഹം അടുത്തുള്ള മറ്റൊരു ശ്മശാനത്തിലാണ് ദഹിപ്പിക്കുന്നത്. ഗൂഢലക്ഷ്യമുള്ള ചിലര്‍ അടുത്തിടെ ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയമാണ് ഇതെന്നാണ് പൗരസമിതി പറയുന്ന ന്യായീകരണം. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.






