
കൊച്ചി: കണ്ടലയിലെ ഇ.ഡി. അന്വേഷണം സി.പി.എം., സി.പി.ഐ, കോണ്‍ഗ്രസ് നേതാക്കളിലേക്കും കടക്കുമെന്നു വ്യക്തമായി. ജനപ്രതിനിധിയും സി.പി.എം. പ്രാദേശിക നേതാവുമായ മുന്‍ ഭരണസമിതി അംഗം രണ്ടര സെന്റ് വസ്തുവിന്റെ ഈടില്‍ കണ്ടല ബാങ്കില്‍നിന്ന് 45 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഇതു തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. വസ്തുവിന്റെ മൂല്യം വന്‍തോതില്‍ കൂട്ടിക്കാണിച്ചാണു വായ്പയെടുത്തത്.
ബാങ്ക് സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങിത്തുടങ്ങിയ സമയത്തു കാട്ടാക്കടയിലെ പ്രമുഖ നേതാവ് 80 ലക്ഷം രൂപയോളം പെട്ടെന്നു പിന്‍വലിച്ചു. ഒരു കോടിക്കുമേല്‍ നിക്ഷേപമുള്ള ഒട്ടേറെപ്പേരുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ ബാങ്കില്‍ നിക്ഷേപമുണ്ട്. മുന്‍ മന്ത്രിമാരടക്കം ഇതിലുണ്ട്. ഉന്നതനേതാക്കളടക്കം വഴിവിട്ട വായ്പയ്ക്കായി ഇടപെട്ടു. വായ്പ അനുവദിച്ചതിലും നിക്ഷേപം സ്വീകരിച്ചതിലുമെല്ലാം വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. ഭാസുരാംഗനും മകന് അഖില്‍ജിത്തിനും ഇതില്‍ നേരിട്ടു പങ്കുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തല്‍.
സി.പി.എം. പ്രാദേശിക നേതാവായ പഞ്ചായത്ത് പ്രസിഡന്റാണു വായ്പയെടുത്തു കുടുങ്ങുന്നത്. 45 ലക്ഷം വായ്പ എടുത്ത ഈ നേതാവ് ഭാസുരാംഗന്റെ ബിനാമിയാണെന്നും മാറനെല്ലൂരില്‍ പറയുന്നു. ഈ നേതാവിനെ ഇ.ഡി. ചോദ്യം ചെയ്തേക്കും. ഇതിനൊപ്പം രണ്ടു മന്ത്രിമാര്‍ക്കെതിരേയും ആരോപണമുണ്ട്. പല എം.എല്‍.എമാരുടെ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നില്‍ തന്റെ ഫണ്ടാണുള്ളതെന്ന് ഭാസുരാംഗന് അറിയിച്ചിട്ടുണ്ട്. ഇതില്‍ തെളിവു കിട്ടിയാല്‍ മുന്മന്ത്രിമാരേയും ചോദ്യം ചെയ്യും. ഇടതുപക്ഷത്തെ പലരും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. 200 കോടിയുടെ തട്ടിപ്പാണ് ഇ.ഡി. കണ്ടെത്തുന്നത്. ഭാസുരാംഗനും മകനും നേരിട്ടു തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ.ഡി. നിഗമനം. നേതാക്കളെ പ്രീണിപ്പിക്കാന്‍ ഇരുമുന്നണി നേതാക്കള്‍ക്കും വന്‍തോതില്‍ വായ്പ നല്കി.
തട്ടിപ്പിലൂടെ ലഭിച്ച തുക ഭാസുരാംഗന് മകന്റെ ബിസിനസില്‍ ഉള്‍പ്പെടെ വിനിയോഗിച്ചതായും കണ്ടെത്തി. വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായെന്നാണു സഹകരണ വകുപ്പ് 2021-ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ഉത്തരവാദിത്വം ഭാസുരാംഗനും മറ്റു ഭരണസമിതി അംഗങ്ങള്‍ക്കുമാണെന്നും വകുപ്പു കണ്ടെത്തിയിരുന്നു. ഇവരില്‍നിന്നു ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തട്ടിപ്പു തുക 300 കോടി കവിയുമെന്നാണ് ഇ.ഡി. നല്കുന്ന സൂചന.
നടന്നത് തട്ടിപ്പല്ല, ക്രമക്കേടാണെന്നാണു ഭാസുരാംഗന്റെ നിലപാട്. കേസിനുപിന്നില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. കേസിനെ തുടര്‍ന്ന് ഭാസുരാംഗനെ സി.പി.ഐ. പുറത്താക്കിയിരുന്നു. സി.പി.എം. നേതാവിനെതിരേയും ആരോപണം ഉയര്‍ത്തി. വായ്പകള്‍ അനുവദിച്ചതിലും നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനും വലിയ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ എന്‍. ഭാസുരാംഗനെനെയും മകന് അഖില്‍ജിത്തിനെയും മൂന്നു ദിവസം ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു.
ഭാംസുരാംഗനു ഭരണകക്ഷിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും പുറത്തുവിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇ.ഡി. വാദിച്ചു. 200 കോടിയോളം രൂപയുടെ സാമ്പത്തികതട്ടിപ്പാണു കണ്ടലയില്‍ നടന്നതെന്നും ഇ.ഡി. പറഞ്ഞു. സാമ്പത്തിക തട്ടിപ്പിന്റെ രീതികള്‍ പൂര്‍ണമായും പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ട്. ചെറിയ മൂല്യമുള്ള വസ്തു ഈടുവച്ചാണു പ്രതികള്‍ കോടികള്‍ തട്ടിയത്.
പണം എവിടെയൊക്കെയാണു നിക്ഷേപിച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണം.-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണു ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും അറസ്റ്റു രേഖപ്പെടുത്തിയത്. സമന്‍സ് നല്കി വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സി.പി.ഐ. നേതാവായിരുന്ന ഭാസുരാംഗന് കോണ്‍ഗ്രസ്, സി.പി.എം. നേതാക്കള്‍ക്കു വേണ്ടിയും ബാങ്കില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.






