
ലക്നൗ: ദളിത് കാര്‍ഡിനേക്കാള്‍ മുസ്ളീം കാര്‍ഡിന് കൂടുതല്‍ പ്രാധാന്യമെന്ന സൂചന നല്കി ബിഎസ്പി യുപിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. മുസ്ളീം വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്കി 97 ടിക്കറ്റ് നല്കിയ മായാവതി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ സീറ്റുകളാണ് ഇത്തവണ നല്‍കിയത്. അതേസമയം ദളിതുകള്‍ക്ക് 87 സീറ്റുകള്‍ മാത്രമായിരുന്നു കിട്ടിയത്.
2007 തെരഞ്ഞെടുപ്പില്‍ 61 സീറ്റും 2012 തെരഞ്ഞെടുപ്പില്‍ 85 സീറ്റുകളുമായിരുന്നു മുസ്ളീങ്ങള്‍ക്ക് ബിഎസ്പി നേരത്തേ നല്‍കിയത്. എന്നാല്‍ ഇത്തവണ ദളിതുകളേക്കാള്‍ പത്തു സീറ്റ് കൂടുതല്‍ നല്കി. പുതിയ പട്ടിക അനുസരിച്ച് ബിഎസ്പിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായ ദളിതുകള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടാം സ്ഥാനമാണ് നല്‍കിയത്് എന്നാല്‍ പട്ടികജാതിക്കാര്‍ക്കായി നീക്കിവെച്ച സീറ്റില്‍ രണ്ടെണ്ണം കൂട്ടുകയും ചെയ്തു. കഴിഞ്ഞ തവണ ഇത് 85 സീറ്റുകള്‍ മാത്രമായിരുന്നു.
ഉത്തര്‍പ്രദേശിലെ ജനസംഖ്യയില്‍ മുസ്ളീങ്ങളെക്കാള്‍ കൂടതലാണ് ദളിതുകളെങ്കിലും അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളില്‍ മായാവതി മുസ്ളീങ്ങള്‍ക്ക് ദളിതുകളേക്കാള്‍ നേരിയ പ്രാധാന്യം കൂടുതല്‍ നല്‍കിവരുന്നുണ്ട്. മുസ്ളീം ജനസംഖ്യ 19 ശതമാനവും ദളിതുകളുടെ ജനസംഖ്യ 21 ശതമാനവുമാണ്. എന്നാല്‍ 2012 ലെ തെരഞ്ഞെടുപ്പില്‍ 88 സീറ്റുകളാണ് ദളിതുകള്‍ക്ക് നല്‍കിയത്. 2007 ല്‍ ഇത് 89 ആയിരുന്നു. 2007 ല്‍ 62 ദളിത് സീറ്റുകള്‍ ജയിച്ചു കയറിയപ്പോള്‍ 2012 ല്‍ വെറും 16 ആയി ചുരുങ്ങിയിരുന്നു. ഇതായിരിക്കാം സീറ്റ് കുറച്ചതെന്നാണ് വിലയിരുത്തല്‍.
അതേസമയം മായവതി ദളിതുകളേക്കാളും മുസ്ളീങ്ങളെക്കാളും കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ള ജനസംഖ്യയില്‍ 45 ശതമാനം വരുന്ന ഒബിസി യ്ക്ക് ഇത്തവണ സീറ്റ് കുറച്ചു. 2007 ല്‍ 120, 2012 ല്‍ 113 എന്ന നിലയില്‍ ഇറക്കിയ പിന്നാക്കര്‍ക്ക് ഇത്തവണ നല്‍കിയത് 106 സീറ്റുകളാണ്. അടുത്തിടെ ബിഎസ്പിയില് ചേര്‍ന്ന പ്രമുഖ ഒബിസി മുഖമായ സ്വാമി പ്രസാദ് മൗര്യയുടെ സ്വാധീനം ഗുണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 106 സീറ്റുകള്‍ സവര്‍ണ്ണര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതും കുറച്ചു.
2007 ല്‍ 139 സവര്‍ണ്ണര്‍ മത്സരിച്ച സ്ഥാനത്ത് 2012 ല്‍ അത് 117 ആക്കിയിരുന്നു. സവര്‍ണ്ണരില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ബ്രാഹ്മണര്‍ക്കാണ്. 66 സീറ്റുകള്‍ ഇവര്‍ക്ക് നല്കി. എന്നിരുന്നാലും 2007 ലെ 86 സീറ്റുകളേക്കാള്‍ താഴെപ്പോയി. 2012 ല്‍ മൂന്ന സീറ്റുകള്‍ നല്കിയ താക്കൂര്‍ മാര്‍ക്ക് ഇത്തവണ നല്‍കിയത് 36 സീറ്റുകളാണ്. ഇത്തവണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ളീങ്ങളെ ചാക്കിലാക്കാനാണ് പരക്കം പായുന്നത്. 50,000 പേരെ പാലായനം ചെയ്യിക്കുകയും62 പേര്‍ക്കു ജീവന് നഷ്ടമാകുകയും ചെയ്ത മുസാഫര്‍ നഗര്‍ കലാപത്തിന് ഇരയായ മുസ്ളീങ്ങള്‍ പക്ഷേ ബിജെപിയെ തടയാന്‍ അഖിലേഷ് യാദവിന് മാത്രമേ കഴിയൂ എന്ന നിലപാടുകാരനാണ്.






