
കോട്ടയം: റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. കോടതി വാറണ്ടിനെ തുടർന്നാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പോലീസ് അറിയിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പോലീസ് വിശദീകരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിൻ്റെ വാദം.
എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പോലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.






