
പറവൂര്‍: കലാകാരനായ പിതാവിന്റെ പിന്‍ബലവും പിന്തുടര്ച്ചയും ആഗ്രഹിച്ച് പഠനത്തോടൊപ്പം കലാകാരിയായി അറിയപ്പെടണമെന്നതായിരുന്നു ആന്‍ റിഫ്റ്റയുടെ അഭിലാഷം. പിതാവ് റോയ് ജോര്‍ജ്കുട്ടി ചവിട്ടുനാടകത്തിന്റൈ ആശാനും അഭിനേതാവുമാണ്.
അദ്ദേഹം സംവിധാനം ചെയ്ത ഒട്ടേറെ നാടകങ്ങളുടെ ഭാഗമായിട്ടുണ്ട് ആന്‍ റിഫ്റ്റ. ജോന് ഓഫ് ആര്‍ക്ക്, കാറല്സ്മാന്, വിശുദ്ധ ഗീവര്‍ഗീസ്, സെന്റ്് സെബാസ്റ്റിയന് തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ ആന്‍ റിഫ്റ്റ അഭിനയിച്ചു. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആന്‍ റിഫ്റ്റ് പിന്നീടു നായിക കഥാപാത്രങ്ങളിലും സജീവമായി വരികയായിരുന്നു.
ചവിട്ടുനാടക അഭിനയത്തിനൊപ്പം പാട്ടുകാരിയുമായ ആന്‍ റിഫ്റ്റ പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയിരുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരേ പോലെ പ്രിയങ്കരിയായിരുന്ന ആനിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ നാട് തേങ്ങുകയാണ്. പത്താം തരം വരെ പുത്തന്‍വേലിക്കര മേരി വാര്‍ഡ് ഇംീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. അതിനുശേഷം കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷമാണു കുസാറ്റില്‍ എന്‍ജിനീയറിങ് പഠനത്തിനു ചേര്‍ന്നത്. കഴിഞ്ഞ ദിവസം വരെ തങ്ങളുടെ മുന്നില്‍ കളിച്ചു ചിരിച്ചു നടന്ന ആന്‍ ഇനിയില്ലെന്നു വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കഴിയുന്നില്ല. ശനിയാഴ്ച രാത്രി മരണവിവരം അറിഞ്ഞതു മുതല്‍ വീട്ടിലേക്കു ബന്ധുക്കളുടെയും നാട്ടുകാരുടേയും പ്രവാഹമായിരുന്നു. പിതാവ് റോയിയെയും സഹോദരന് റിഥുലിനെയും ആശ്വസിപ്പിക്കാന്‍ ഏവരും പ്രയാസപ്പെട്ടു.
സാധാരണ കുടുംബമാണ് ആന്‍ റിഫ്റ്റയുടേത്. കല്പ്പണിക്കാരന് കൂടിയാണു പിതാവ് റോയ്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ സഹോദരന് റിഥുലും ചവിട്ടുനാടകത്തില്‍ സജീവമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണു കുടുംബം നല്ലൊരു വീടു പണിതത്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണ് ഒരു വര്‍ഷം മുന്‍പ് അമ്മ സിന്ധു ഇറ്റലിയില്‍ ഹോം നഴ്സായി ജോലിക്കു പോയത്.
കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് ഉച്ചയ്ക്കുശേഷം റിഫ്റ്റയുടെ മൃതദേഹം വീട്ടിലെത്തിക്കും. നാളെ പുലര്‍ച്ചെ മൂന്നിന് അമ്മ സിന്ധുവിനു നാട്ടിലെത്താനാകുമെന്നാണു പ്രതീക്ഷ. 11 മണിയോടെ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.






