
കുത്താട്ടുകുളം: കുസാറ്റില്‍ മരിച്ച കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി അതുല്‍ തമ്പിയുടെ മൃതദേഹം ഇന്നല ഉച്ചയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഭവനത്തില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും നിറകണ്ണുകളോടെയാണ് ഏറ്റുവാങ്ങിയത്. പിതാവ് തമ്പിയും മാതാവ് ലില്ലിയും മൃതദേഹത്തിനു മുമ്പില്‍ കെട്ടിപ്പിടിച്ച് വിലപിച്ചപ്പോള്‍ കണ്ടു നിന്നവരും വിതുമ്പി. ഇനി ഈ മുറ്റത്തു നിന്നു കോളജിലേക്കു യാത്രയാവാന്‍ അതുല്‍ ഉണ്ടാവില്ല.
കുസാറ്റിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം സഹപാഠികളുടേയും അധ്യാപകരുടേയും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് വീട്ടിലെത്തിച്ചത്. എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍നിന്നും വീട്ടിലെത്തിയിരുന്ന അതുല്‍ കുസാറ്റിലെ ഫെസ്റ്റിനുശേഷം ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം. ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകനായ പിതാവിന് സഞ്ചരിക്കാന്‍ ഒരു വാഹനം വാങ്ങാന്‍ കഴിഞ്ഞ ദിവസം സഹോദരനുമൊത്ത് പോയി കണ്ടിരുന്നു. അതുല്‍ വന്നതിനു ശേഷം വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.
അനൂപ് ജേക്കബ് എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ്.കെ.മാണി എം.പി., ആന്റണി ജോണ്‍ എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി തോമസ്, നഗരസഭ അധ്യക്ഷ വിജയാ ശിവന്, വൈസ് ചെയര്മാന് സണ്ണി കുര്യാക്കോസ്, മുന്‍ എം.എല്‍.എ എം.ജെ ജേക്കബ്, കുസാറ്റ് വൈസ് ചെയര്മാന് പി.വി ശങ്കരന്, കൗണ്‍സിലര്‍ റോബിന് ജോണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്,
കൗണ്‍സിലര്‍മാര്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അന്തിമോചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഏക സഹോദരന് അജില്‍ തമ്പി കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തില്‍ ആരംഭിച്ച ശുശ്രൂഷിക്ക് ശേഷം വടകര സെന്റ് ജോണ്‍സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കാരം നടത്തി.






