
ആതിരപ്പിള്ളി: മലക്കപ്പാറ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍. കമലമ്മ പാട്ടി എന്ന വയോധികയാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായത്. ഇവര്‍ക്ക് ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ വകുപ്പിനോട് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
റോഡോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ ഉള്‍വനത്തിലൂടെ നടക്കണം. ഇവരെ ചുമന്നുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനും ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ട്രൈബല്‍ ഓഫീസറോട് ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ലെന്ന് വാര്‍ഡ് അംഗം നിംഗലപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍, ഇന്നു തന്നെ ട്രൈബല്‍ ഓഫീസറോട് ഊരിലെത്തി കമലമ്മ പാട്ടിക്ക് ചികിത്സ ലഭ്യമാക്കാനും ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശം നല്കി.






