
കാതല്‍ കണ്ട് തിയേറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് നടി ഐശ്വര്യലക്ഷ്മി. മലയാള സിനിമയ്ക്ക് ജീവന് പകരുന്ന സംവിധായകനാണ് ജിയോ ബേബി എന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. മമ്മൂട്ടി വിസ്മയിപ്പിച്ചെന്നും മമ്മൂക്കയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഹൃദയഭേദകമായിരുനെന്നും ജ്യോതികയുടെ ഓമന മനസ്സില്‍ എന്നെന്നും നിലനില്‍ക്കുമെന്നും ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
''ജിയോ ബേബി, നിങ്ങള്‍ ഓരോ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ജീവശ്വാസം പകരുന്ന സംവിധായകനാണ്. മമ്മൂക്ക അങ്ങ് ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങയുടെ കഥാപാത്രത്തിന്റെ വേദനയും ഏകാന്തതയും ഭയവും എടുക്കേണ്ടി വന്ന തീരുമാനങ്ങളുടെ ഭാരവും ഓരോ നോട്ടം പോലും എന്റെ ഹൃദയത്തില്‍ ആഞ്ഞു തറച്ചു.
എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ഏറ്റവും നല്ല ഭാഗം രണ്ടാം പകുതിയിലെ 'എന്റെ ദൈവമേ' എന്ന വിലാപം ആയിരുന്നു. ഞാന്‍ തിയേറ്ററില്‍ ഇരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. സിനിമയിലെ സംഗീതവും വരികളും ഹൃദയഭേദകമായിരുന്നു. ജ്യോതിക മാം, നിങ്ങളുടെ ഓമന ഞങ്ങളുടെ ഹൃദയത്തില്‍ ഒരുപാട് കാലം നിലനില്ക്കാന് പോകുന്നു. കാതല്‍ ദ് കോര്‍ എന്ന സിനിമ സമ്മാനിച്ച ടീമിന് നന്ദി.''-ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം കുറിച്ചു.






