
ഫാദേഴ്‌സ് ഡേ യില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി ശിവദ. ചില ബന്ധങ്ങൾക്ക് വലിയ വാക്കുകളുടെ ആവശ്യമില്ലെന്നും അവ ചെറിയ നിമിഷങ്ങളിലും നിശബ്ദമായ തിരിച്ചറിവുകളിലുമാണ് അടങ്ങിയിരിക്കുന്നതെന്നും ശിവദ കുറിച്ചു. കുറിപ്പിനൊപ്പം കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും താരം
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
"ലോകത്തുള്ള എല്ലാ പ്രിയപ്പെട്ട അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകൾ! ചില ബന്ധങ്ങൾക്ക് വലിയ വാക്കുകളുടെ ആവശ്യമില്ല. അവ ചെറിയ നിമിഷങ്ങളിലും, പങ്കിട്ട പുഞ്ചിരികളിലും, നിശബ്ദമായ തിരിച്ചറിവുകളിലും, തളരാത്ത പിന്തുണയിലും, കൂടാതെ ഒരാൾ എപ്പോഴും കൂടെയുണ്ടാകും എന്ന ലളിതമായ ചിന്തയിലുമാണ് അടങ്ങിയിരിക്കുന്നത്. തന്റെ കുട്ടിയുടെ ആദ്യത്തെ ഹീറോയും, ഏറ്റവും വലിയ പിന്തുണക്കാരനും, ഏറ്റവും സുരക്ഷിതമായ ഇടവുമായി മാറിയ ഓരോ അച്ഛനും—ഇന്നത്തെ ദിവസം നിങ്ങൾക്കുള്ളതാണ്. ജീവിതത്തെ എന്നും ലളിതവും കൂടുതൽ പ്രകാശപൂരിതവുമാക്കുന്ന, തങ്ങളുടെ സാന്നിധ്യം കൊണ്ട് മാത്രം കൂടെ നിൽക്കുന്ന എല്ലാ അച്ഛന്മാരെയും, ഒപ്പം മായാത്ത ഓർമ്മകളിലൂടെ നമ്മളോടൊപ്പം എപ്പോഴുമുള്ള അച്ഛന്മാരെയും ഇന്ന് നമ്മൾ ഓർക്കുന്നു," ശിവദ കുറിച്ചു.
ഭർത്താവ് മുരളിയും മകൾ അരുന്ധതിയും ഒന്നിച്ചുള്ള ആദ്യത്തെ ചിത്രത്തെക്കുറിച്ചും താരം കുറിപ്പിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. എനിക്കതൊരു സിനിമാ പോസ്റ്റർ പോലെയാണ് തോന്നുന്നതെന്നും വളരെ ഊഷ്മളവും കാലാതീതവുമായ ഒരു ഭംഗി ആ ചിത്രത്തിനുണ്ടെന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് പിതൃദിന ആശംസകളുമായി എത്തുന്നത്.
ഏറെ ആരാധകരുള്ള പ്രിയ താരമാണ് ശിവദ. 2009ൽ കേരള കഫേ എന്ന എന്ന ആന്തോളജി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശിവദ, ഫാസിൽ സംവിധാനം ചെയ്ത ലീവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. തുടർന്ന് സു സു സുധി വാത്മീകം, മേരി ആവാസ് സുനോ, ട്വല്‍ത്ത് മാന്‍ എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ ജനപ്രീതി നേടുകയായിരുന്നു. മലയാളത്തിനൊപ്പം തമിഴിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവായ ശിവദ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2015-ലായിരുന്നു ശിവദയുടെ വിവാഹം. ഏറെക്കാലം സുഹൃത്തായിരുന്ന നടൻ മുരളി കൃഷ്ണനാണ് ഭർത്താവ്. ഈ ബന്ധത്തിൽ അരുന്ധതി എന്നൊരു മകളും താരത്തിനുണ്ട്.






