
നിയമസഭാ തെരഞ്ഞെടുപ്പില്‍ മിസോറമില്‍ സറാ പീപ്പിള്‍സ് മൂവ്മെന്റിന് (ഇസഡ്.പി.എം.) ചരിത്രവിജയം. 40 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേയ്ക്ക് ഇസഡ് പിഎം. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) നെ പത്തു സീറ്റിലേക്ക് തള്ളിവിട്ടാണ് വെറും മൂന്ന് വര്‍ഷം മുമ്പ് മാത്രം രൂപം കൊണ്ട പാര്‍ട്ടി വന്‍ വിജയം നേടിയിരിക്കുന്നത്.
ബിജെപിയ്ക്ക് രണ്ടു സീറ്റുകള്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് കിട്ടിയത്. മിസോറമില്‍ അധികാരത്തില്‍ ഇരിക്കുന്ന എംഎന്‍എഫിന് 17 സീറ്റുകളാണ് നഷ്ടമായത്. കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ബിജെപി തങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഒരു സീറ്റിനൊപ്പം മറ്റൊന്നു കൂടി നേടാനായി. അതേസമയം ഇത്തവണ ബിജെപി 13 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഇതില്‍ 11 പേര്‍ക്കും തോല്‍വി ആയിരുന്നു ഫലം. മിസോറമിലെ ആറു ചെറിയ പാര്‍ട്ടികള്‍ ഒരു കുടക്കീഴില് വന്നതായിരുന്നു സോറം പീപ്പിള്‍സ് മൂവ്മെന്റ്.
അതേസമയം മുഖ്യമന്ത്രി സോറാം താംഗ ഐസ്വാള്‍ ഈസ്റ്റ് 1 ല്‍ 2101 വോട്ടിനാണ് തോറ്റത്. ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ തവന്ലൂയിയയും തോല്‍വി ഏറ്റുവാങ്ങി. ടൂയിചാംഗയിലായിരുന്നു ഇദ്ദേഹം മത്സരിച്ചത്. ചില എക്സിറ്റ് പോളുകള്‍ ഇസഡ്.പി.എമ്മിന്റെ വിജയം നേരത്തേ പ്രവചിച്ചിരുന്നു. ഇവര്‍ സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ മറ്റു ചിലത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നും തൂക്കുമന്ത്രിസഭയുടെ സാധ്യതകളും പറഞ്ഞിരുന്നു. മിസോറത്തിലെ ചിന്കുബി സോ ഗോത്ര വര്‍ഗ്ഗത്തിന്റെ രക്ഷകര്‍ത്താക്കള്‍ എന്ന നിലയിലാണ് സോറംതാംഗ തന്റെ പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ എതിര്‍പാര്‍ട്ടികള്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മയും മയക്കുമരുന്ന കടത്തും മോശമായ അടിസ്ഥാന സൗകര്യങ്ങളും അഴിമതിയുമെല്ലാം ഉയര്‍ത്തിക്കാട്ടി.
മണിപ്പൂരില്‍ ഭരണം നടത്തുന്ന എംഎന്‍എഫ് ദേശീയ ജനാധിപത്യ സഖ്യത്തി (എന്‍ഡിഎ) ന്റെ ഭാഗം കൂടിയാണ്. മ്യാന്മറിലെ ചിന് കുകി ഗോത്ര വിഭാഗവുമായി മികച്ച ബന്ധം പുലര്ത്തുന്നയാരാണ് സോറംതാംഗ. മ്യാന്മറില് നിന്നുള്ള 40,000 അഭയാര്‍ത്ഥികള്‍ക്കാണ് ഇദ്ദേഹം അഭയം നല്‍കിയത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ഇസഡ്.പി.എം ആരോപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ഇസഡ്പിഎം തലവന്‍ ലാല്‍ ദുഹോമ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ആലോചനയിലാണ്. ഉടന്‍ ഗവര്‍ണറെ കാണും.






