
തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. സംഭവം അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് നല്കാന് വനിതാ ശിശുവികസന വകുപ്പ് ഡയറ്ക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയായ വെഞ്ഞാറമൂട് പുത്തൂർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജലീലയുടെയും മകൾ ഷഹിന (27) യെയാണ് മെഡിക്കൽ കോളേജിനു സമീപത്തെ ഫ്ലാറ്റിൽ തിങ്കൾ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘‘എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹ്ന ജീവനൊടുക്കിയത് മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം പ്രണയിച്ച യുവാവ് വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടതും ആത്മഹത്യ ചെയ്യാൻ കാരണമായെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചത്






