
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും വിവിധ രാഷ്ട്രീയ നേതാക്കളും കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് വിധിയുണ്ടാകുന്നത്.
കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് കെ.ബാബുവാണ് വിധി പറയുക. നേരത്തേ വിജിലന്‍സ് കോടതി ഉത്തരവിനെതിരേ കണ്ടെത്തല്‍ നടത്തിയ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷി മൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പാതിവഴി പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതി വിധി വരുന്നത്. നവകേരള സദസ്സ് കൊച്ചിയില്‍ എത്തി നില്‍ക്കുകയാണ്.






