
ന്യൂഡല്‍ഹി : ജെ ഡി എസില്‍ പൊട്ടിത്തെറി. ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സികെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജെഡിഎസ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര ദേശീയ കണ്വെന്ഷന് വിളിച്ചതിനാണ് നടപടിയെന്ന് എച്ച്ഡി ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി.
കര്‍ണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേര്‍ന്നുകൊണ്ടായിരുന്നു സികെ നാണു ബെംഗളൂരുവില്‍ കണ്വെന്ഷന് വിളിച്ചിരുന്നത്. ഇത്തരത്തില്‍ സമാന്തര യോഗം വിളിക്കാന്‍ സികെ നാണുവിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു.
അതേസമയം കണ്വെന്ഷന് തീരുമാനവുമായി മുന്നോട്ടുപോകാനാണ് സിഎം ഇബ്രാഹിമിന്റെയും സികെ നാണുവിന്റെയും തീരുമാനം. തിങ്കളാഴ്ച സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സിഎം ഇബ്രാഹിമും സികെ നാണുവും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.
എച്ച് ഡി ദേവഗൗഡയുടെയും മകന് കുമാരസ്വാമിയുടെയും ബിജെപിയുമായുള്ള സഖ്യം കേരളത്തിലെ ജെഡിഎസ് ഘടകത്തെ വെട്ടിലാക്കിയിട്ട് മാസങ്ങളായി. സംസ്ഥാന ഘടകം ഇതില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് സി കെ നാണു കണ്വെന്ഷന് വിളിച്ചത്






