
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ലോകസഭയില്‍ നിന്നും അയോഗ്യയാക്കപ്പെട്ട മഹുവാ മോയ്ത്ര ഉടന്‍ ഔദ്യോഗിക വസതി ഒഴിയും. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളില്‍ ഇറങ്ങുമെന്ന് മഹുവ മൊയ്ത്ര അറിയിച്ചു.
പാര്‍ലമെന്റംഗം എന്ന സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ട മഹുവാ മോയ്ത്രയ്ക്ക് ഉടന്‍ സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ സിബിഐ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അതേസമയം ബിജെപി നടത്തുന്നത് പക പോക്കലാണെന്നും മോദിയെയും അദാനി ഗ്രൂപ്പിനെയും ചോദ്യം ചെയ്യുന്നതാണ് കാരണമെന്നും പറഞ്ഞു.
പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നാണ് മഹുവ ഉയര്‍ത്തിയിരിക്കുന്ന ന്യായീകരണം. പാര്‍ലമെന്റില്‍ നരേന്ദ്രമോദിക്കും അദാനിക്കും എതിരേ ചോദ്യം ഉയര്‍ത്താന്‍ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് മഹുവയെ പുറത്താക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പുറത്താക്കിയത്. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നതാണ് മഹുവ ഉന്നയിക്കുന്ന പ്രധാന വാദം. ഭൂരിപക്ഷം എംപിമാരും ചോദ്യങ്ങള്‍ തയ്യാറക്കാന്‍ പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ വിവരങ്ങള്‍ കൈമാറാറുണ്ട്. അതേ താനും ചെയ്തിട്ടുള്ളൂവെന്നും, അത് തടയാന്‍ നിയമങ്ങള്‍ നിലവില്ലാല്ലായിരുന്നുവെന്നുമാണ് മഹുവയുടെ വാദം.
എത്തിക്സ് കമ്മറ്റി തന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും, സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും കാണിച്ചാണ് മഹുവ സുപ്രീം കോടതിയില്‍ എത്തിയരിക്കുന്നത്. 2005ല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പുറത്തായ 11 എംപിമാരും സുപ്രീകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോഴ വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് തിരിച്ചടിയാകുകയായിരുന്നു. കോടതി പാര്‍ലമെന്റ് നടപടി ശരി വെച്ചു. എന്നാല്‍ മഹുവയ്ക്ക് എതിരോയി അത്തരം തെളിവുകള്‍ പുറത്തുവിടാന കഴിഞ്ഞിട്ടില്ല.






