
പമ്പ: നവകേരള സദസില്‍ നിന്ന് വിട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ശബരിമലയിലെത്തി. നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്.ടി.സി. ബസില്‍ തീര്‍ഥാടകര്‍ക്കൊപ്പമാണ് മന്ത്രി പമ്പയില്‍ എത്തിയത്. അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രി സന്നിധാനത്തേക്ക് യാത്ര തിരിച്ചു.
തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കുന്നുണ്ട്. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അടക്കം എല്ലാവരും ശബരിമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് ഒരു മണിക്കൂര്‍ കൂട്ടി.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചു. ഡിസംബര്‍ ആറ്, ഏഴ് തീയതികളിലാണ് തീര്‍ഥാടകര്‍ ക്രമാതീതമായി വര്‍ദ്ധിച്ചത്. ഇത്തവണ സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം 30 ശതമാനം വര്‍ധിച്ചു. ഇത് പതിനെട്ടാംപടി കയറുന്നതില്‍ താമസം ഉണ്ടാക്കി.
തീര്‍ഥാടനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നേരത്തെ ചെയ്തിട്ടുണ്ട്. കുറവുകളുണ്ടെങ്കില്‍ പരിഹരിക്കും. എല്ലാ സ്ഥലത്തും ശൗചാലയം, കുടിവെള്ള ലഭ്യത, ലഘു ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ ഇത്തവണയുണ്ട്. പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നിലയ്ക്കലില്‍ സൗകര്യമുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ സംവിധാനം ഒരുക്കും. പരാതികളില്‍ ദേവസ്വം ബോര്‍ഡും മറ്റു വകുപ്പുകളും മികച്ച ഇടപെടലാണു നടത്തുന്നത്. എന്നാല്‍ ഒരുകാലത്തും ഉണ്ടാകാത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഈ തീര്‍ഥാടന കാലത്ത് പ്രചരിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാതെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരിപ്പിച്ചു കാട്ടി ശബരിമലയെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയില്‍ നിന്ന് പിന്തിരിയണം. ശബരിമലയെ മഹത്തായ കേന്ദ്രമായി കണ്ട് മികച്ച തീര്‍ഥാടന കാലം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ കെ.യു ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ.അജികുമാര്‍, ദേവസ്വം സ്പെഷല്‍ സെക്രട്ടറി എം.ജി.രാജമാണിക്യം, ഡി.ഐ.ജി: ആര്.നിശാന്തിനി, എ.ഐ.ജി: ജി. പൂങ്കുഴലി, വിവിധ വകുപ്പുകളിലെയും ദേവസ്വം ബോര്‍ഡിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






