
പത്തനംതിട്ട: ജില്ലയില് നടക്കുന്ന നവകേരള സദസില് പങ്കെടുക്കുന്നതിന് വേണ്ടി കലക്ടറേറ്റില് നിന്ന് എഡിഎം ഒപ്പിട്ട ഇറക്കിയ ഉത്തരവിന് വ്യാജന്! ഒരേ ഫയല് നമ്പരും തീയതിയുമായി ഇറങ്ങിയിട്ടുള്ള ഉത്തരവുകളില് വ്യാജനെ പെട്ടെന്ന് തിരിച്ചറിയാം. പക്ഷേ, വ്യാജന്റെ സൃഷ്ടാവ് ആരെന്നു മാത്രം കണ്ടെത്താന് കഴിഞ്ഞില്ല. ഭരണകക്ഷി സര്വീസ് സംഘടനകളാണ് വ്യാജന് പടച്ചു വിട്ടിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
കലക്ടറേറ്റില് നിന്ന് എഡിഎം ഒപ്പിട്ട് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില് കലക്ടറേറ്റിലെയും മിനി സിവില് സ്റ്റേഷനിലെയും മുഴുവന് ജീവനക്കാരും ജില്ലാ ആസ്ഥാനത്തെ വിളംബരജാഥയില് പങ്കെടുക്കണം എന്നുണ്ട്. എന്നാല്, വ്യാജനിലാകട്ടെ ചില ഭാഗങ്ങള് വൈറ്റ്നര് പെന് കൊണ്ട് മായ്ച്ചു കളഞ്ഞിരിക്കുന്നു. ഉത്തരവില് എഡിഎമ്മിന്റെ ഒപ്പുമില്ല. വ്യാജ ഉത്തരവ് ആകട്ടെ ജില്ലയിലെ മുഴുവന് സര്ക്കാര് ഓഫീസുകളിലേക്കും മെയില് ചെയ്തും കൊടുത്തിരിക്കുന്നു.
ഡിസംബര് 16,17 തീയതികളിലായി ജില്ലയില് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്ഥം 15 ന് വെള്ളിയാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷന് മുതല് അബാന് ജങ്ഷന് വരെ നടക്കുന്ന വിളംബര ജാഥയില് സിവില് സ്റ്റേഷനിലെയും മിനി സിവില് സ്റ്റേഷനിലെയും മുഴുവന് സര്ക്കാര് ജീവനക്കാരും പങ്കെടുക്കേണ്ടതും അതാത് വകുപ്പുകള് അവരുടെ ബാനറില് പിന്നില് അണിനിരക്കേണ്ടതുമുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് അതാത് ഓഫീസ് മേധാവികള് ചുമതല നിര്വഹിക്കേണ്ടതുമാണെന്നാണ് എ.ഡി.എം ബി. രാധാകൃഷ്ണന്റേതായി പുറത്തു വന്നിരിക്കുന്ന ഉത്തരവ്. ഡിസിപിടിഎ/4882/2023/ബി2 നമ്പരില് ഡിസംബര് 12 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യാജ ഉത്തരവില് ഇതേ ഫയല് നമ്പരും തീയതിയും തന്നെയാണുള്ളത്. മാറ്ററും ഒന്നു തന്നെ. പക്ഷേ, സിവില് സ്റ്റേഷനിലെയും മിനി സിവില് സ്റ്റേഷനിലെയും എന്ന വാക്കുകള് മാത്രം വൈറ്റ്നര് ഉപയോഗിച്ച് മായ്ചിരിക്കുന്നു. എഡിഎമ്മിന്റെ ഒപ്പും സീലുമില്ല. പകരം ജില്ലാ കലക്ടര്ക്ക് വേണ്ടി എന്ന് എഴുതി കുത്തി വരച്ചിരിക്കുകയാണ്. ഈ വ്യാജ ഉത്തരവ് ജില്ലയിലെ മുഴുവന് പഞ്ചായത്ത്ഓഫീസുകളിലേക്കും മെയിലില്അയച്ചിട്ടുണ്ട്.

ഈ ഓര്ഡറിലെ എ.ഡി.എമ്മിന്റെ ഒപ്പ് വ്യാജമാണെന്ന് ഒറ്റനോട്ടത്തില് മനസിലാകും. കൂടാതെ ഓഫീസ് സീലും ഇല്ല. സര്ക്കുലര് നമ്പരും തീയതിയും ഒന്നുതന്നെയാണ്. കലക്ട്രേറ്റില് നിന്നാണ് സര്ക്കുലര് പഞ്ചായത്തുകളിലേക്ക് മെയിലില് പോയിട്ടുള്ളതെന്ന് പറയുന്നു. ജീവനക്കാരെ കൂട്ടാന് ഭരണകക്ഷി യൂണിയനിലുള്ളവരാണ് ഈ വ്യാജ കത്തിന് പിന്നില് പ്രവര്ത്തിച്ചതെന്നും സംശയിക്കുന്നു.
അതേ സമയം രണ്ടാമത്തെ ഉത്തരവിലെ ഒപ്പ് എഡിഎമ്മിന്റെ തന്നെയാണെന്ന് ഇതര സര്വീസ് സംഘടനാ നേതാക്കള് പറയുന്നു. ഇത് വ്യാജനാണോ ഒറിജിനല് ആണോയെന്ന് പറയേണ്ടത് എഡിഎം തന്നെയാണ്. ഒരിക്കല് പുറത്തിറക്കിയ ഉത്തരവില് മാറ്റം വരുത്തുകയാണെങ്കില് അക്കാര്യം ചൂണ്ടിക്കാണിച്ച് വേണം അത് രണ്ടാമത് അയയ്ക്കാന്. അല്ലെങ്കില് ആ ഫയല് നമ്പരിലുള്ള ഉത്തരവ് പിന്വലിക്കുന്നതായി കാണിച്ച് പുതിയ ഉത്തരവ് ഇറക്കുകയും വേണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില് വ്യാജ ഉത്തരവിന് പിന്നില് ആരെന്ന് പറതേണ്ടത് എഡിഎം തന്നെയാണെന്ന് അവര് പറയുന്നു.







Comments